വൈദ്യുതവാഹനങ്ങളുടെ ചാർജിങ്ങിനായി സി-ഡാക് വികസിപ്പിച്ച കോയിലുകൾ ഇ-ദേശീയപാത നിർമാണത്തിന് ഉപയോഗിച്ചേക്കും. വൈദ്യുതി വഹിക്കുന്ന കമ്പിച്ചുരുളുകളാണ് കോയിലുകൾ. ഇവയിൽനിന്ന് വാഹനത്തിലേക്ക് നേരിട്ട് വൈദ്യുതി സ്വീകരിക്കാനാവുംവിധമുള്ള പാതകളാണ് ഇ-പാത. രാജ്യത്തെ ദേശീയപാതയിൽ 6000 കിലോമീറ്റർഭാഗം വൈദ്യുതവണ്ടികൾക്കുള്ള ഇലക്ട്രോണിക് പാതയാക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു.

സി-ഡാക് വികസിപ്പിച്ച ട്രാൻസ്മിറ്റിങ്, റിസീവിങ് കോയിലുകൾ ഉപയോഗിക്കാനുള്ള സാധ്യതകളാണ് കേന്ദ്ര റോഡ് ഉപരിതല മന്ത്രാലയം പരിശോധിക്കുന്നത്. ഈ മാസം അവസാനം തിരുവനന്തപുരം സി-ഡാക്കിലെ ഉന്നതദ്യോഗസ്ഥരെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. വിശദ റിപ്പോർട്ടുമായെത്താനാണ് നിർദേശം. സി-ഡാക്കിന്റെ ചാർജിങ് കോയിലുകൾ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കാൻ അനുമതി ലഭിച്ചതോടെയാണ് ഇത് ദേശീയപാത നിർമാണത്തിലേക്ക് നീട്ടാനുള്ള സാധ്യതകൾ തേടിയത്.
പരീക്ഷണാടിസ്ഥാനത്തിൽ പ്രത്യേക സ്ഥലത്ത് ഉപയോഗിച്ചശേഷമാകും വിജയമായെന്ന് കണ്ടാൽ ഇ-ഹൈവേ നിർമാണം വ്യാപിപ്പിക്കുക. കേരളത്തിൽ പുതുതായി നിർമിക്കുന്ന റോഡുകൾ ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറുന്നില്ലെങ്കിലും ഭാവിയിൽ കൊണ്ടുവന്നേക്കാമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ സൂചിപ്പിച്ചു. സി-ഡാക്കും നാഗ്പുർ വി.എൻ.ഐ.ടി.യുമായി സഹകരിച്ചാണ് കോയിലുകൾ നിർമിച്ചതെന്ന് നേതൃത്വംനൽകിയ സി-ഡാക് ജോയന്റ് ഡയറക്ടർ പി.പി. ജയൻ പറഞ്ഞു.

പ്രത്യേക ട്രാക്ക്
ഇലക്ട്രോണിക് പാതയ്ക്ക് പ്രധാന റോഡിൻ്റെ സമീപത്തായി പ്രത്യേക ട്രാക്ക് ഒരുക്കും. റോഡിൻ്റെ പ്രതലത്തിൽ ട്രാൻസ്മിറ്റിങ് കോയിലുകൾ ഘടിപ്പിക്കും. അഞ്ച് കിലോവാട്ടിൻ്റെ കോയിലുകളാകും ഇവിടെ ഉപയോഗിക്കുക. വാഹനങ്ങളുടെ അടിയിൽ ഘടിപ്പിച്ചിരിക്കുന്ന റീസിവിങ് കോയിൽ, റോഡിലെ ട്രാൻസ്മിറ്റിങ് കോയിലുമായി ഒരേ ദിശയിൽ വരുമ്പോൾ ബാറ്ററിയിലേക്ക് ചാർജ് കൃത്യമായി കയറും.

ഡൈനാമിക് ചാർജിങ് എന്നാണ് ഇതിനു പറയുക. 100 ആംപിയർവരെ ചാർജാണ് ചെയ്യുക. ട്രാൻസ്മിറ്റിങ് കോയിലിലേക്ക് ഭൂഗർഭസംവിധാനത്തിലൂടെ വൈദ്യുതി എത്തിക്കും. സംവിധാനത്തിന് ചെലവേറും. വാഹനത്തിന്റെ ഐ.ഡി. ഉപയോഗിച്ച് ചാർജിങ്ങിനുള്ള നിരക്കും ഈടാക്കും. .
വയർലെസ് ചാർജിങ് സംവിധാനം
സി-ഡാക് ആദ്യഘട്ടത്തിൽ വികസിപ്പിച്ച വയർലെസ് ചാർജിങ് സംവിധാനം 48 വാട്ട് ബാറ്ററി ചാർജ് ചെയ്യാവുന്ന തരത്തിലുള്ള 1.5 കിലോവാട്ടിൻ്റെ യൂണിറ്റാണ്. 30 ആംപിയർ ചാർജിങ്. വീടുകൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ ഇവ സജ്ജീകരിക്കാം. ട്രാൻസിമിറ്റിങ് കോയിലിലേക്ക് വൈദ്യുതി എത്തിക്കണം. മനുഷ്യനോ മൃഗങ്ങൾക്കോ അപകടമുണ്ടാക്കാത്ത രീതിയിലാണ് നിർമിച്ചത്. ഭാവിയിൽ ചാർജിങ് കിറ്റ് ഒഴിവാക്കി വയർലെസ് സംവിധാനത്തിലേക്ക് ഇലക്ട്രിക് വാഹനങ്ങൾ മാറും.



