തെന്നിന്ത്യൻ ഭാഷകളിലെ പ്രമുഖനടി മീന ബിജെപിയിൽ ചേരുമെന്നും പാർട്ടിയിൽ സുപ്രധാന ചുമതലവഹിക്കുമെന്നും അഭ്യൂഹം. തമിഴ്നാട്ടിലെ പല പ്രമുഖരും ബിജെപിയിൽ ചേരാനൊരുങ്ങുകയാണെന്നായിരുന്നു ഇതേപ്പറ്റി ചോദിച്ചപ്പോൾ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് നൈനാർ നാഗേന്ദ്രൻ്റെ മറുപടി.

കഴിഞ്ഞദിവസം ഡൽഹിയിലെത്തിയ മീന ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറെ സന്ദർശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾക്കൊപ്പമാണ് അവരുടെ ബിജെപി പ്രവേശത്തെപ്പറ്റിയുള്ള അഭ്യൂഹങ്ങളും പ്രചരിക്കാൻ തുടങ്ങിയത്.

തമിഴ്നാട്ടിലെ ബിജെപി ഭാരവാഹികളുടെ പട്ടിക ഉടൻ പുറത്തുവരും. അതിൽ മീനയ്ക്കും നേരത്തേത്തന്നെ ബിജെപിയിൽ ചേർന്ന ഖുശ്ബുവിനും സുപ്രധാനചുമതലകൾ ലഭിക്കുമെന്നാണ് പറയുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രനോട് ബുധനാഴ് മാധ്യമപ്രവർത്തകർ ഇതേപ്പറ്റി ചോദിച്ചെങ്കിലും അദ്ദേഹം കൃത്യമായ മറുപടി നൽകിയില്ല. തമിഴ്നാട്ടിൽ പല പ്രമുഖരും ബിജെപിയിൽ ചേരാൻ ഒരുങ്ങുകയാണെന്നും അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടിക്കുള്ള വിജയസാധ്യതയെയാണ് അത് സൂചിപ്പിക്കുന്നത് എന്നുമാണ് അദ്ദേഹം പറഞ്ഞത്.



