ഇസ്രയേൽ-ഇറാൻ യുദ്ധം രൂക്ഷമായ പരിണിതഫലങ്ങൾക്ക് ഇടയാക്കുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുതിൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ റഷ്യ തയ്യാറാണെന്നും പുതിൻ അറിയിച്ചു. യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പുതിൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയതെന്ന് പുതിൻ്റെ ഓഫീസ് പ്രസ്‌താവനയിൽ സ്ഥിരീകരിച്ചു. ഇറാനും ഇസ്രയേലും തമ്മിൽ തുടരുന്ന സംഘർഷത്തിൽ പുതിനും അൽ നഹ്യാനും അഗാധമായ ആശങ്ക രേഖപ്പെടുത്തിയതായും ക്രെംലിൻ വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, ഇറാനെതിരെ ഇസ്രയേൽ പക്ഷത്ത് ചേരാനുള്ള യുഎസ് തീരുമാനത്തോടും റഷ്യ പ്രതികരിച്ചു. ഇറാനെതിരെ ആയുധം പ്രയോഗിക്കരുതെന്നും അത്തരത്തിലുള്ള നീക്കം പശ്ചിമേഷ്യയെ പാടെ തകർക്കുമെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ ധരിപ്പിച്ചതായി റഷ്യയുടെ വിദേശകാര്യ സഹമന്ത്രി സെർഗി റിബ്‌കോവ് ബുധനാഴ്‌ച പറഞ്ഞു. ഇസ്രയേലിന്റെ ഭാഗത്തുനിന്നുള്ള ആക്രമണം ആണവദുരന്തത്തിന് കാരണമായേക്കാമെന്നും റഷ്യ പറഞ്ഞു.

ജനുവരിയിൽ ഇറാനുമായി തന്ത്രപരമായ പങ്കാളിത്തക്കരാറിൽ റഷ്യ ഒപ്പുവെച്ചിരുന്നു. ഇസ്രയേലുമായും റഷ്യ ബന്ധം പുലർത്തുന്നുണ്ട്. യുക്രൈനുമായി തുടരുന്ന യുദ്ധം റഷ്യയുടെ പ്രതിച്ഛായയ്ക്ക് അൽപം മങ്ങലേൽപ്പിച്ചിരിക്കുന്ന സന്ദർഭമാണിത്. ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത ഇതുവരെയും സ്വീകരിക്കപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്.




