ടെലിവിഷൻ ചാനലുകളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ഏകീകൃത നിയന്ത്രണങ്ങൾക്ക് കീഴിൽ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന ആവശ്യവുമായി ജിയോസ്റ്റാർ വൈസ് ചെയർമാൻ ഉദയ് ശങ്കർ. ഈ രണ്ട് പ്ലാറ്റ്ഫോമുകളുടെയും അടിസ്ഥാന സവിശേഷതകൾ ചൂണ്ടിക്കാട്ടിയാണ് ഉദയ് ശങ്കർ അധികൃതരോട് ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വേൾഡ് ഓഡിയോ വിഷ്വൽ ആന്റ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ (വേവ്സ്) സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകീകൃത നിയന്ത്രണം രണ്ട് മേഖലകളുടേയും മൂല്യമില്ലാതാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എല്ലാ സ്ക്രീനുകളേയും എങ്ങനെ ഒരുപോലെ പരിഗണിക്കാമെന്ന ചർച്ചകൾ നിരന്തരം കേൾക്കുന്നുണ്ട്. പക്ഷെ, നിങ്ങൾക്ക് അതിന് സാധിക്കില്ല. അങ്ങനെ ചെയ്താൽ രണ്ട് ബിസിനസുകളുടേയും മൂല്യം നിങ്ങൾ നശിപ്പിക്കും. ഉദയ് ശങ്കർ പറഞ്ഞതായി ഇടി ടെലികോം റിപ്പോർട്ട് ചെയ്തു.
വീടുകൾക്ക് വേണ്ടിയുള്ള സബ്സ്ക്രിപ്ഷൻ സേവനമാണ് ടെലിവിഷൻ. സാധാരണ വലിയ സ്ക്രീനുകളിലാണ് അവ ഉപയോഗിക്കുന്നത്. അതേസമയം, ഡിജിറ്റൽ സേവനങ്ങൾ സ്വകാര്യമായ വ്യക്തിഗത ഉപകരണങ്ങളിലൂടെയും വ്യക്തിഗത സ്ക്രീനുകളിലൂടെയുമാണ് ഉപയോഗിക്കുന്നത്. അതിന്റെ ഉപയോഗവും ഉപയോഗ സാഹചര്യങ്ങളും വ്യത്യസ്തമാണ്. അദ്ദേഹം വിശദീകരിച്ചു.
ടെലിവിഷൻ പക്വത കൈവന്നതും പ്രായമേറിക്കൊണ്ടിരിക്കുന്നതുമായ മാധ്യമമാണ്. അതേസമയം ഡിജിറ്റൽ ഇപ്പോഴും വളർച്ചയുടെ ഘട്ടത്തിലാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകീകൃത നിയന്ത്രണമെന്ന സമീപനം ഹാനികരമാണ്. നവീകരണത്തെ തടസപ്പെടുത്താതതും, വളർച്ചയെ പരിപോഷിപ്പിക്കുന്നതുമായ ഓരോ പ്ലാറ്റ്ഫോമുകൾക്കും പ്രത്യേകമായ നയ സമീപനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ടെലിവിഷനും ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾക്കും ഏകീകൃത നിയന്ത്രണങ്ങളാണ് വേണ്ടതെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ അനിൽ കുമാർ ലഹോട്ടി നേരത്തെ വേവ്സ് വേദിയിൽ സംസാരിക്കവെ വാദിച്ചിരുന്നു. ടെലിവിഷൻ ഘടനാപരവും കാലാനുസൃതമായി പരിഷ്കരിക്കപ്പെട്ടതുമായ ഒരു ചട്ടക്കൂടിന് കീഴിലാണ് പരിണമിച്ചതെന്ന് പറഞ്ഞ ലാഹോട്ടി, ഡിജിറ്റൽ സ്ട്രീമിങിന് നിയന്ത്രണങ്ങൾ കുറവാണെന്നും അല്ലെങ്കിൽ നിയന്ത്രണങ്ങളൊന്നുമില്ലെന്നും ചൂണ്ടിക്കാട്ടി. ഉള്ളടക്കങ്ങളുടെ മേൽനോട്ടത്തിലും സംരക്ഷണത്തിലും ഉള്ള അസമത്വങ്ങളിലും അദ്ദേഹം ആശങ്ക അറിയിച്ചു.
ടെലിവിഷൻ, ഒടിടി പ്ലാറ്റ്ഫോമുകളെ ഏകീകൃത നിയന്ത്രണ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരുന്ന നിയമനിർമാണത്തിനുള്ള ശ്രമത്തിലാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം.
ടെലിവിഷൻ ചാനലുകളുടെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെയും ഏകീകൃത നിയന്ത്രണം രണ്ട് മേഖലകളുടേയും മൂല്യമില്ലാതാക്കും – മുന്നറിയിപ്പുമായി ജിയോസ്റ്റാർ വൈസ് ചെയർമാൻ
Published on


