പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മധ്യസ്ഥരാകാമെന്ന് ഇറാൻ. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള പ്രശ്‌നങ്ങളിൽ മധ്യസ്ഥത വഹിക്കാനുള്ള താത്പര്യം ഇറാൻ വിദേശകാര്യ മന്ത്രി സയ്യീദ് അബ്ബാസ് അരാഗ്‌ചിയാണ് വ്യക്തമാക്കിയത്. ഇന്ത്യയേയും പാകിസ്‌താനെയും സഹോദരതുല്യരായവരെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് ഇരുരാജ്യങ്ങൾക്കുമിടയിൽ പരസ്‌പര ധാരണ വളർത്തിയെടുക്കാൻ സന്നദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയും പാകിസ്‌താനും സഹോദരതുല്യരായ അയൽക്കാരാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ശക്തമായ സാംസ്‌കാരിക ബന്ധമുണ്ട്. ജനങ്ങൾ തമ്മിലുമുള്ള ബന്ധമുണ്ട്. അത് ഏറ്റവും പ്രധാനപ്പെട്ട ഒന്നായാണ് ഞങ്ങൾ കണക്കാക്കുന്നത്. ഇരുരാജ്യങ്ങളിലുമുള്ള ഞങ്ങളുടെ മികച്ച ബന്ധം പ്രയോജനപ്പെടുത്തി വെല്ലുവിളി നിറഞ്ഞ സമയത്ത് ഇരുവർക്കുമിടയിൽ പരസ്പ്‌പര ധാരണയ്ക്കായി ശ്രമിക്കാൻ തയ്യാറാണ്- സയീദ് അബ്ബാസ് അരാഗ്‌ചി പറഞ്ഞു.
പ്രശസ്ത പേർഷ്യൻ കവിയായ സാദിയുടെ വരികൾ കുറിച്ചാണ് അരാഗ്‌ി ഇറാന്റെ നിലപാട് വ്യക്തമാക്കിയത്. “ഒരാത്മാവിൻ്റെയും സത്തയുടെയും സൃഷ്ടിയിലെ അംഗങ്ങളാണ് എല്ലാ മനുഷ്യരും, അതിലൊരാൾക്കുണ്ടാകുന്ന വേദന മറ്റുള്ളവരിലും അനുഭവപ്പെടും”- സാദിയുടെ വരികൾ കുറിച്ച് അരാഗ്‌ചി വ്യക്തമാക്കി.


