ഭാവി ചാന്ദ്ര ദൗത്യങ്ങൾക്ക് വേണ്ടിയുള്ള ആശയവിനിമയ സൗകര്യമൊരുക്കുന്നതിനായി സിഗ്നൽ റിലേ ഉപഗ്രഹം വിക്ഷേപിച്ച് ചൈന. ഭൂമിയിൽ നിന്ന് കാണാനാവാത്ത ചന്ദ്രൻ്റെ മറുവശം ലക്ഷ്യമിട്ടുള്ള ചാന്ദ്രദൗത്യത്തിനാണ് ചൈന ഒരുങ്ങുന്നത്. ക്യുകിയാവോ-2 എന്ന് പേരിട്ടിരിക്കുന്ന 1200 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് വിക്ഷേപിച്ചത്. 2018 ൽ വിക്ഷേപിച്ച ക്യുകിയാവോ-2 ൻ്റെ പിൻഗാമിയാണിത്. ലോങ്മാർച്ച് 8 റോക്കറ്റിലായിരുന്നു വിക്ഷേപണം. ടിയാൻഡു-1, ടിയാൻഡു-2 എന്നീ രണ്ട് ചെറു ഉപഗ്രഹങ്ങളും ഇതേ വീക്ഷേപണ വാഹനത്തിൽ വിക്ഷേപിച്ചു. ചൈനയിലെ ഹൈനാൻ ദ്വീപിൽ നിന്നായിരുന്നു വിക്ഷേപണം.

ചന്ദ്രന്റെ ഒരു ഭാഗം സ്ഥിരമായി ഭൂമിക്ക് നേരെ തിരിഞ്ഞാണ് നിൽക്കുന്നത്. ഈ ഭാഗം ലക്ഷ്യമിട്ടുള്ള ദൗത്യങ്ങളിൽ ചന്ദ്രനിൽ നിന്ന് നേരിട്ട് സിഗ്നലുകൾ ഭൂമിയിലേക്ക് അയക്കുക എളുപ്പമാണ്. എന്നാൽ മറുവശത്തേക്ക് അയക്കുന്ന പേടകത്തിൽ നിന്നുള്ള സിഗ്നലുകൾ ഭൂമിയിലേക്ക് എത്തണം എങ്കിൽ സിഗ്നൽ റിലേ ഉപഗ്രഹങ്ങളുടെ സഹായം ആവശ്യമായി വരും.

മേയിൽ വിക്ഷേപിക്കാനിരിക്കുന്ന ചാങ്-6 എന്ന ചാന്ദ്ര പേടകത്തിൽ നിന്നുള്ള സിഗ്നലുകൾ ഈ റിലേ ഉപഗ്രഹം വഴിയാണ് ഭൂമിയിലെ കൺട്രോൾ സെന്ററുകളിൽ എത്തുക. ചന്ദ്രൻ്റെ മറുവശത്ത് നിന്നും ആദ്യമായി സാമ്പിളുകൾ ശേഖരിക്കുകയാണ് ചാങ്-6 ദൗത്യത്തിന്റെ ലക്ഷ്യം.

2026 ൽ വിക്ഷേപിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ചാങ്-7, 2028 ലെ ചാങ്-8 ദൗത്യങ്ങളിലും ക്യുകിയാവോ-2 റിലേ ഉപഗ്രഹം ആശയവിനിമയങ്ങൾക്കായി ഉപയോഗിക്കും.
2040 ആവുമ്പോഴേക്കും ക്യുകിയാവോ -2 ഉൾപ്പെടുന്ന റിലേ ഉപഗ്രഹങ്ങളുടെ ഒരു ശൃംഖലതന്നെ സ്ഥാപിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ചന്ദ്രനിൽ ആളെ ഇറക്കാനുള്ള ദൗത്യങ്ങളിലും ഭാവി ചൊവ്വാ ദൗത്യങ്ങളിലും ഈ ഉപഗ്രഹ ശൃംഖല ചൈന ഉപയോഗപ്പെടുത്തും. ഈ ഉപഗ്രഹ ശൃംഖല സ്ഥാപിക്കുന്നതിനായുള്ള പരീക്ഷണങ്ങൾക്കാണ് ടിയാൻഡു-1, 2 എന്നീ കുഞ്ഞൻ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്.



