തിരുവനന്തപുരം കാട്ടാക്കടയിൽ പ്രണയിച്ച് വിവാഹം കഴിച്ച് 15-ാം നാൾ നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച കേസിൽ എട്ടു മാസത്തിനുശേഷം ഭർത്താവ് അറസ്റ്റിൽ. കല്ലാമം കല്ലറക്കുഴി ഷിബിൻ ഭവനിൽ വിപിൻ (ഉണ്ണി-28) ആണ് അറസ്റ്റിലായത്. തണ്ണിച്ചാംകുഴി സോന ഭവനിൽ സോന(22) മരിച്ച കേസിലാണ് വിപിൻ അറസ്റ്റിലായത്. കഴിഞ്ഞ ജൂണിലായിരുന്നു വിപിന്റെയും സോനയുടെയും വിവാഹം. പതിമൂന്നാം ദിനം സോന ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു.

സോനയുടെ മരണം ഭർത്താവിൻ്റെ ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഡിവൈഎസ്പി സി.ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാട്ടാക്കട കോടതിയിൽ ഹാജരാക്കി.

കഴിഞ്ഞ ജൂലൈയിൽ ഭർത്താവിൻ്റെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് സോനയെ കണ്ടത്. ഓട്ടോ ഡ്രൈവറായ വിപിനും സോനയും ഒന്നര വർഷത്തോളം പ്രണയിച്ചശേഷമായിരുന്നു വിവാഹം. പക്ഷേ, വിവാഹത്തിൻ്റെ 15-ാം നാൾ രാത്രി ഭർത്താവ് കിടന്നുറങ്ങിയ അതേ മുറിയിലെ ഫാനിൽ സോനയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. അന്ന് മുതൽ ദുരൂഹത നിറഞ്ഞുനിന്ന കേസിലാണ് എട്ട് മാസങ്ങൾക്കിപ്പുറം ഭർത്താവ് വിപിൻ അറസ്റ്റിലായിരിക്കുന്നത്.

പ്രണയ വിവാഹമായിരുന്നെങ്കിലും വിപിൻ സ്ത്രീധനം ആവശ്യപ്പെട്ട് സോനയെ മാനസികമായി ഉപദ്രവിച്ചിരുന്നു. ചില ദിവസങ്ങളിൽ ശാരീരികമായും മർദിച്ചു. ഇതിലുള്ള നിരാശയും വിഷമവുമാണ് ആത്മഹത്യക്കു കാരണമെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. വിപിൻ ഉറങ്ങിക്കിടന്ന മുറിയിൽ സോന തൂങ്ങിമരിച്ചത് ഭർത്താവ് അറിഞ്ഞിരുന്നില്ല എന്ന വാദത്തിലും സംശയമുണ്ടായിരുന്നു. ഉറങ്ങിപ്പോയതുകൊണ്ടാണ് അറിയാതിരുന്നതെന്നാണു വിപിൻ പറഞ്ഞത്. ഇതിൽ സംശയമുണ്ടെങ്കിലും കൊലപാതകമല്ല, ആത്മഹത്യയാണെന്നു തന്നെയാണ് ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.


