കമ്പനികൾ ഉപഭോക്താക്കളെ ട്രാക്ക് ചെയ്യുന്ന രീതിയിൽ മാറ്റം കൊണ്ടുവന്ന് ഗൂഗിൾ. ഉപഭോക്താക്കളുടെ ഇൻ്റർനെറ്റ് ഉപയോഗ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഉപയോഗിച്ചിരുന്ന തേഡ് പാർട്ടി കുക്കീസ് ഗൂഗിൾ ക്രോം നിർത്തലാക്കി. ഇതിനായുള്ള പുതിയ ട്രാക്കിങ് പ്രൊട്ടക്ഷൻ ഫീച്ചർ ഗൂഗിൾ ക്രോം ബ്രൗസറിൽ അവതരിപ്പിച്ചു. ഗൂഗിൾ ക്രോമിന്റെ ആഗോള ഉപഭോക്താക്കളിൽ ഒരു ശതമാനത്തിലേക്കാണ് ഈ മാറ്റം ഇപ്പോൾ എത്തിക്കുക. ഇത് ഏകദേശം മൂന്ന് കോടിയോളം വരും.

ഒരു പരീക്ഷണം എന്ന നിലയ്ക്കാണ് ഗൂഗിൾ ഈ മാറ്റം അവതരിപ്പിക്കുന്നത്. ഇവർഷം അവസാനത്തോടെ ആഗോള തലത്തിൽ എല്ലാ ഉപഭോക്താക്കൾക്കുമായി ഇത് നടപ്പാക്കും. അതിനിടെ തേഡ് പാർട്ടി കുക്കീസിന് വിലക്കേർപ്പെടുത്തുന്നത് തങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്ന് ചില പരസ്യ ദാതാക്കൾ അഭിപ്രായപ്പെടുന്നുണ്ട്. ലോകത്തെ ഏറ്റവും ജനപ്രിയമായ ഇന്റർനെറ്റ് ബ്രൗസറാണ് ഗൂഗിൾ ക്രോം. ഫീച്ചർ ലഭ്യമാകുന്ന ഉപഭോക്താക്കളെ ഗൂഗിൾ അക്കാര്യം അറിയിക്കും.
തേഡ് പാർട്ടി കുക്കീസ് വിലക്കുന്നതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ സ്വകാര്യതയിൽ ബ്രൗസ് ചെയ്യാൻ സാധിക്കുമെന്നാണ് ഗൂഗിൾ പറയുന്നത്. എന്നാൽ പരസ്യ വിതരണത്തിന് കുക്കീസ് അത്യാവശ്യ ഘടകമാണെന്നാണ് വിവിധ വെബ്സൈറ്റുകൾ പറയുന്നത്.
നമ്മൾ ചില വെബ്സൈറ്റുകൾ സന്ദർശിച്ചതിന് ശേഷം ആ വെബ്സൈറ്റുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നിങ്ങൾ ഓൾലൈനിൽ കാണുന്നതിന് കാരണം തേഡ് പാർട്ടി കുക്കീസ് ആണ്. നിങ്ങൾ ഒരു സൈറ്റിൽ എന്താണ് ചെയ്യുന്നത്, നിങ്ങൾ എവിടെയുള്ള ആളാണ്, നിങ്ങൾ ഏത് ഉപകരണമാണ് ഉപയോഗിക്കുന്നത്, ഈ വെബ്സൈറ്റിൽ നിന്ന് ഓണ്ലൈനിൽ മറ്റെങ്ങോട്ടാണ് നിങ്ങൾ പോവുന്നത് തുടങ്ങിയ വിവരങ്ങളെല്ലാം കുക്കീസിൽ ശേഖരിക്കപ്പെടും.
2019 ൽ തന്നെ കുക്കീസ് ഉപയോഗിച്ചുള്ള പരസ്യ വിതരണ രീതികളും ട്രാക്കിങും അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഗൂഗിൾ ആരംഭിച്ചിരുന്നു. കുക്കീസിന് പകരം മറ്റ് സംവിധാനങ്ങൾ അവതരിപ്പിക്കാനും കമ്പനി ശ്രമിച്ചു. ‘ഫെഡറേറ്റഡ് ലേണിങ് ഓഫ് കൊഹേർട്സ്’ എന്ന ‘ഫ്ളോക്ക്’ 2021 ൽ അവതരിപ്പിക്കപ്പെട്ടത് അങ്ങനെയാണ്. എന്നാൽ സ്വകാര്യത സംബന്ധിച്ച ആശങ്കകളെ തുടർന്ന് ഫ്ളോക്ക് ഒഴിവാക്കി.

ഇതിന് ശേഷമാണ് നിലവിലുള്ള ആഡ് ടോപ്പിക്സ്’ എന്ന രീതി പരസ്യങ്ങൾ ടാർഗറ്റ് ചെയ്യുന്നതിനായി ഉപയോഗിച്ച് തുടങ്ങിയത്. ക്രോമിലുള്ള ബ്രൗസിങ് ഹിസ്റ്ററി പരിശോധിച്ച് ഉപഭോക്താവിന് താൽപര്യമുള്ള വിഷയങ്ങൾ തീരുമാനിക്കുന്നു. ഇതനുസരിച്ച് പരസ്യങ്ങൾ നൽകുന്നു.
ഫ്ളോക്കിന് സമാനമാണ് ഇതെങ്കിലും ഉപഭോക്താക്കളെ പ്രത്യേകം ഗ്രൂപ്പുകളാക്കി മാറ്റില്ല. പകരം തൽപര വിഷയങ്ങളുടെ ഒരു പട്ടികയാണ് ഉണ്ടാക്കുക. ഇതോടെ കുക്കീസ് ശേഖരിക്കുന്നതിന് പകരം ഉപഭോക്താക്കളുടെ താൽപര്യങ്ങൾ കണ്ടെത്തി ആഡ് ടോപ്പിക്കുകളായി ഉപകരണത്തിൽ ശേഖരിക്കും. ഈ ആഡ് ടോപ്പിക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും വെബ്സൈറ്റുകൾ ഉള്ളടക്കങ്ങൾ നിങ്ങൾക്ക് നിർദേശിക്കുക.
ട്രാക്കിങ് പ്രൊട്ടക്ഷൻ എന്ന പുതിയ ഫീച്ചർ ക്രോമിൻ്റെ വിൻഡോസ്, ലിനക്സ്, മാക്ക്, ആൻഡ്രോയിഡ്, ഐഒഎസ് വേർഷനുകളിലെ ഉപഭോക്താക്കൾക്ക് ലഭ്യമാകും.


