രാജ്യത്തിൻ്റെ പ്രഥമ സൗരപര്യവേഷണ ദൗത്യമായ ആദിത്യ-എൽ 1 നീണ്ട നാലു മാസത്തെ യാത്രയ്ക്ക് ശേഷം ലക്ഷ്യസ്ഥാനത്തേക്ക്. പേടകം ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ലഗ്രാഞ്ച് പോയിൻ്റിന്(എൽ 1) ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തി. അഞ്ചു വർഷമാണ് ദൗത്യകാലാവധി.

പേടകത്തിലെ പ്രൊപ്പൽഷൻ സിസ്റ്റത്തിൽ 440 ന്യൂട്ടൺ ലിക്വിഡ് അപ്പോജി മോട്ടോർ (എൽ.എ.എം) എൻജിനും എട്ട് 22 ന്യൂട്ടൺ ത്രസ്റ്ററുകളുമാണുള്ളത്. ഇവ ജ്വലിപ്പിച്ചാണ് പേടകത്തെ ഭ്രമണപഥത്തിലേക്കെത്തിച്ചത്.
സൂര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനങ്ങൾ, പ്രഭാമണ്ഡലം, വർണമണ്ഡലം, കൊറോണ തുടങ്ങിയ പാളികൾ, ബഹിരാകാശ കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവയെ കുറിച്ചുള്ള പഠനം ലക്ഷ്യമാക്കി 2023 സെപ്റ്റംബർ രണ്ടിനാണ് രാജ്യത്തിന്റെ പ്രഥമ സൗരദൗത്യമായി ആദിത്യ എൽ-1 വിക്ഷേപിച്ചത്. സെപ്റ്റംബർ 19 നാണ് പേടകം ഭൂമിയെ ചുറ്റുന്ന ഭ്രമണപഥം വിട്ട് ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര തുടങ്ങിയത്.
125 ദിവസം നീണ്ട യാത്രയ്ക്കൊടുവിലാണ് പേടകം ലക്ഷ്യസ്ഥാനത്ത് എത്തിയത്. ഏകദേശം 37 ലക്ഷം കിലോമീറ്റർ ദൂരം സഞ്ചരിച്ചായിരുന്നു ഈ യാത്ര. സൗരപഠനമാണ് പ്രധാനലക്ഷ്യമെങ്കിലും സൗരയൂഥത്തേക്കുറിച്ചുള്ള സങ്കീർണമായ വിവരങ്ങളുടെ അനാവരണവും ആദിത്യയിലൂടെ സാധ്യമായേക്കുമെന്ന പ്രതീക്ഷ ഇസ്രോ പങ്കുവെച്ചിരുന്നു. പേടകത്തിലുള്ള ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ഏഴു പേലോഡുകളിൽ നാലെണ്ണം സൂര്യനെക്കുറിച്ചും മൂന്നെണ്ണം എൽ 1 പോയിൻ്റിനെക്കുറിച്ചും പഠിക്കും.
ബെംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്‌സ് നിർമിച്ച വിസിബിൾ എമിഷൻ ലൈൻ കോറോണഗ്രാഫ് (VELC), പുണെയിലെ ഇന്റർ- യൂണിവേഴ്‌സിറ്റി സെൻ്റർ ഫോർ ആസ്ട്രോണമി ആൻ്റ് ആസ്ട്രോ ഫിസിക്സ് വികസിപ്പ സോളാർ അൾട്രാ വയലറ്റ് ഇമേജിങ് ടെലിസ്കോപ് (SUIT), അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിൽ നിന്നുള്ള ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്‌പിരിമെൻ്റ് (ASPEX), തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെൻ്ററിൽ നിന്നുള്ള പ്ലാസ്‌മ അനലൈസർ പാക്കേജ് ഫോർ ആദിത്യ (PAPA), ബെംഗളുരുവിലെ യുആർ റാവു സാറ്റലൈറ്റ് സെന്റ്ററിൽ നിന്നുള്ള സോഫ്റ്റ് എക്‌സ്റേ സ്പെക്ട്രോമീറ്ററായ SoLEXS, ഹാർഡ് എക്സ്റേ സ്പെക്ട്രോമീറ്ററായ HELIOS, ബെംഗളുരുവിലെ ലബോറട്ടറി ഫോർ ഇലക്ട്രോ ഓപ്റ്റിക്സ് സിസ്റ്റംസ് വികസിപ്പിച്ച മാഗ്നറ്റോ മീറ്റർ എന്നിവയാണ് ആദിത്യയിലെ പേലോഡുകൾ.

കൊറോണൽ ഹീറ്റിംഗ്, കൊറോണൽ മാസ് എജക്ഷൻ, പ്രീ-ഫയർ, ഫ്ലെയർ ആക്ടിവിറ്റികൾ, അവയുടെ സവിശേഷതകൾ, ബഹിരാകാശ കാലാവസ്ഥ, കണികകളുടെ വ്യാപനത്തെ കുറിച്ചുള്ള പഠനം എന്നിവയുടെ പ്രശ്‌ങ്ങൾ മനസിലാക്കാൻ ഈ പേലോഡുകൾക്ക് സാധിക്കും.
സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ ഉൾപ്പടെ സൂര്യനെ കുറിച്ചുള്ള വിശദ പഠനമാണ് ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. സൂര്യന്റെ റേഡിയേഷനും, കാന്തിക വികിരണങ്ങളും ഭൂമിയെ ബാധിക്കുന്നതിന് മുമ്പ് പഠിക്കാനും അറിയാനും ഈ ദൗത്യത്തിലൂടെ സാധിക്കും. സൂര്യന്റെ പുറംഭാഗത്തെ കുറിച്ചുള്ള പഠനത്തോടൊപ്പം അത് ഭൂമിയുടെ കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നും പഠന വിധേയമാക്കും.
അടുത്ത അഞ്ചു വർഷക്കാലത്തേക്ക് സൂര്യനുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന കാര്യങ്ങൾ കണക്കാക്കാൻ ആദിത്യ-എൽ 1 പേടകത്തിന് സാധിക്കുമെന്ന് ഇസ്രോ ചെയർമാൻ എസ്. സോമനാഥ് വ്യക്തമാക്കി. ഇന്ത്യക്ക് മാത്രമല്ല, ലോകത്തിന് മുഴുവൻ വളരെ പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിക്കും. സൂര്യന്റെ ചലനാത്മകതയെക്കുറിച്ചും അത് നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും മനസ്സിലാക്കാൻ ആ വിവരങ്ങൾ വളരെ ഉപയോഗപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.


