തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിൻ്റെ അഭിമാന പദ്ധതിയായ കെ-സ്മാർട്ട് 2024 ജനുവരി ഒന്നു മുതൽ നിലവിൽ വരും. ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ കെ-സ്മാർട്ട് സോഫ്റ്റ്വെയർ ആപ്ലിക്കേഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 2024 ജനുവരി ഒന്നിന് രാവിലെ 10.30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. കെ-സ്മാർട്ട് മൊബൈൽ ആപ്പ് നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി രാജീവ് പുറത്തിറക്കും.
കെ-സ്മാർട്ട് അഥവാ കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻഫർമേഷൻ നിലവിൽ വരുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകും. കേരളത്തിലെ എല്ലാ മുൻസിപ്പൽ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തിൽ കെ-സ്മാർട്ട് വിന്യസിക്കുന്നത്. ഏപ്രിൽ ഒന്നിന് കെ-സ്മാർട്ട് ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും.

ഇതോടെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ സമയബന്ധിതമായി ഓഫീസുകളിൽ പോകാതെ തന്നെ പൊതുജനങ്ങൾക്ക് ലഭ്യമാവും. തദ്ദേശ സ്വയംഭരണ വകുപ്പിനുവേണ്ടി ഇൻഫർമേഷൻ കേരള മിഷനാണ് കെ-സ്മാർട്ട് വികസിപ്പിച്ചത്. കെ-സ്മാർട്ട് ആപ്ലിക്കേഷനിലൂടെ സേവനങ്ങൾക്കായുള്ള അപേക്ഷകളും പരാതികളും ഓൺലൈനായി സമർപ്പിക്കാനും അവയുടെ സ്റ്റാറ്റസ് ഓൺലൈനായി തന്നെ അറിയാനും സാധിക്കും.
അതിനായി അപേക്ഷകളുടെയും പരാതികളുടെയും കൈപ്പറ്റ് രസീത് പരാതിക്കാരൻ്റെ/അപേക്ഷകൻ്റെ ലോഗിനിലും വാട്സ്ആപ്പിലും ഇ-മെയിലിലും ലഭ്യമാകുന്ന ഇൻ്റഗ്രേറ്റഡ് മെസേജിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇഗവേണൻസിൽ കേരളത്തിന്റെ മുന്നേറ്റത്തിന് പുത്തൻ വേഗം പകരുന്ന സംവിധാനമാകും കെ-സ്മാർട്ട്. കേരളത്തിന്റെ ഈ ശ്രദ്ധേയ ചുവടുവെപ്പ് നേരിട്ടറിഞ്ഞ് ഇതിനകം തന്നെ മറ്റ് സംസ്ഥാനങ്ങൾ കെ-സ്മാർട്ടിൻ്റെ മാതൃകയിലുള്ള ആപ്പ് വികസിപ്പിക്കാൻ ഐ.കെ.എമ്മിനെ സമീപിച്ചിട്ടുണ്ട്.
കെ-സ്മാർട്ട് ഉദ്ഘാടന ചടങ്ങിൽ ഹൈബി ഈഡൻ എം പി, ടി.ജെ വിനോദ് എം എൽ എ, കെ ജെ മാക്സി എം എൽ എ, ആസൂത്രണസമിതിയംഗം പ്രൊഫ. ജിജു പി. അലക്സ്, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ് ഐ.എ.എസ് എന്നിവരും സംസാരിക്കും. ചടങ്ങിന് കൊച്ചി നഗരസഭ മേയർ അഡ്വ. എം. അനിൽ കുമാർ സ്വാഗതവും ഐ.കെ.എം കൺട്രോളർ ഓഫ് അഡ്മിനിസ്ട്രേഷൻ ടിമ്പിൾ മാഗി പി.എസ് നന്ദിയും പറയും.
തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെയും അവ വാഗ്ദാനം ചെയ്യുന്ന സേവനങ്ങളെയും 35 മോഡ്യൂളുകളായി തിരിച്ച് അവയെല്ലാം ഒറ്റ പ്ലാറ്റ്ഫോമിലൂടെ ജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാക്കുകയാണ് കെ-സ്മാർട്ട്. വെബ് പോർട്ടലിൽ സ്വന്തം ലോഗിൻ ഉപയോഗിച്ച് അതാത് മൊഡ്യൂളുകളിലെത്തി ആവശ്യമായ വിവരങ്ങൾ നൽകി സേവനം ലഭ്യമാക്കാം. ആദ്യ ഘട്ടത്തിൽ സിവിൽ രജിസ്ട്രേഷൻ (ജനന -മരണ വിവാഹ രജിസ്ട്രേഷൻ), ബിസിനസ് ഫെസിലിറ്റേഷൻ (വ്യാപാരങ്ങൾക്കും വ്യവസായങ്ങൾക്കും ഉള്ള ലൈസൻസുകൾ), വസ്തു നികുതി, യൂസർ മാനേജ്മെന്റ്, ഫയൽ മാനേജ്മെൻ്റ് സിസ്റ്റം, ഫിനാൻസ് മോഡ്യൂൾ, ബിൽഡിംഗ് പെർമിഷൻ മൊഡ്യൂൾ, പൊതുജന പരാതി പരിഹാരം എന്നീ എട്ട് സേവനങ്ങളായിരിക്കും

കെ-സ്മാർട്ടിലൂടെ ലഭ്യമാവുക. കെ-സ്മാർട്ട് യാഥാർത്ഥ്യമാകുന്നതോടെ പ്രവാസികൾക്ക് നേരിട്ടെത്താതെ തന്നെ അതാത് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങൾ ലഭ്യമാവും. ലോഗിൻ ഐഡി ഉപയോഗിച്ച് വീഡിയോ കെവൈസിയും പൂർത്തിയാക്കുന്നതോടെ വിവാഹ രജിസ്ട്രേഷൻ ഉൾപ്പടെയുള്ള കാര്യങ്ങൾ വിദേശത്തിരുന്ന് തന്നെ ചെയ്യാൻ സാധിക്കും. കെ-സ്മാർട്ട് മൊബൈൽ ആപ്പിലുടെയും ഈ സേവനങ്ങൾ ജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാകുന്നതാണ്.
ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളിലെയും വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കുന്നതിലൂടെ ഏറ്റവും വേഗത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റുകൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നു. കെ- സ്മാർട്ടിലെ നോ യുവർ ലാൻഡ് എന്ന ഫീച്ചറിലൂടെ ഒരു സ്ഥലത്ത് ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങളാണ് നിർമ്മിക്കാൻ കഴിയുക എന്ന വിവരം പൊതുജനങ്ങൾക്ക് അറിയാൻ സാധിക്കും.
കെട്ടിടം നിർമ്മാണത്തിനായി സമർപ്പിക്കുന്ന പ്ലാനുകൾ ചട്ടങ്ങൾ പ്രകാരമാണ് തയ്യാറാക്കിയിട്ടുള്ളത് എന്ന് സോഫ്റ്റ്വെയർ തന്നെ പരിശോധിച്ചു ഉറപ്പുവരുത്തുന്നതിനാൽ ഫീൽഡ് പരിശോധനകൾ ലഘൂകരിക്കപ്പെടുകയും വേഗത്തിൽ നിർമ്മാണ പെർമിറ്റ് ലഭ്യമാവുകയും ചെയ്യും. ജനങ്ങൾക്കും ലൈസൻസികൾക്കും പെർമിറ്റുകൾ സംബന്ധിച്ച വിവരങ്ങൾ ഓൺലൈനായി ഏത് സമയത്തും പരിശോധിക്കുന്നതിനും കെ-സ്മാർട്ടിലൂടെ സാധിക്കും.
തീരപരിപാലന നിയമ പരിധി, റെയിൽവേ എയർപോർട്ട് സോണുകൾ, പരിസ്ഥിതി ലോല പ്രദേശം, അംഗീകൃത മാസ്റ്റർ പ്ലാനുകൾ തുടങ്ങിയവയിൽ ഉൾപെട്ടതാണോ എന്നറിയാൻ ആ സ്ഥലത്തു പോയി ആപ്പ് മുഖേന സ്കാൻ ചെയ്ത് വിവരങ്ങളെടുക്കാം. കെട്ടിടം എത്ര ഉയരത്തിൽ നിർമിക്കാം, സെറ്റ് ബാക്ക് എത്ര മീറ്റർ എന്നു തുടങ്ങി എല്ലാ വിവരങ്ങളും ഇതിലൂടെ ലഭിക്കും.
ബ്ലോക്ക് ചെയിൻ, നിർമിത ബുദ്ധി, ജി.ഐ.എസ്/സ്പെഷ്യൽ ഡേറ്റ, ചാറ്റ് ബോട്ട്, മെസേജ് ഇൻറഗ്രേഷൻ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, വിവിധ സോഫ്റ്റ്വെയറുകൾ തമ്മിലുള്ള എ.പി.ഐ ഇന്റെഗ്രഷൻ എന്നീ സാങ്കേതിക വിദ്യകളെ ഏകോപിപ്പിച്ചുകൊണ്ടാണ് കെ-സ്മാർട്ട് ഓൺലൈൻ ആകുന്നത്.
കൂടാതെ ചാറ്റ് ജി.പി.റ്റി, മെഷീൻ ലേണിംഗ്, ഡാറ്റാ സയൻസ്, വെർച്വൽ ആൻഡ് ഓണ്മെൻ്റഡ് റിയാലിറ്റി, ഇൻ്റർനെറ്റ് ഓഫ് തിംഗ്സ് തുടങ്ങിയ നിരവധി സാങ്കേതിക വിദ്യകൾ കൂടി രണ്ടാം ഘട്ടത്തിൽ ഉപയോഗിച്ചുകൊണ്ടുള്ള തുടർ പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതാണ്. ശക്തമായ ബാക്ക്എൻഡ് തടസമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കുന്നു.
സേവനം വൈകുന്നുവെന്നും ഓഫീസുകൾ കയറിയിറങ്ങി മടുക്കുന്നുവെന്നുമുള്ള സ്ഥിരം പരാതികൾ ഈ സംവിധാനത്തിലൂടെ പരിഹരിക്കാൻ കഴിയും. ഉദ്ദാ: നിവവിൽ ഒരു ബിൽഡിംഗ് പെർമിറ്റ് നൽകണമെങ്കിൽ ഓവർസിയർ, എഞ്ചിനീയർ, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, സൂപ്രണ്ടിംഗ് എഞ്ചിനീയർ, സെക്രട്ടറി എന്നിവർ കണ്ടാണ് നൽകുന്നത്.
ഇത് കെ-സ്മാർട്ടിൽ മൂന്ന് തട്ടുകളിൽ സേവനം ലഭ്യമാക്കും. ഇതോടെ സുതാര്യത, അഴിമതി രഹിതം, സമയബന്ധിതമായി കാര്യങ്ങൾ ചെയ്യുന്നതിന് സാധിക്കം. ഇതോടെ ഉദ്യോഗസ്ഥരുടെ ജോലിഭാരം വലിയ തോതിൽ കെ-സ്മാർട്ടിലൂടെ കുറയ്ക്കാനാവും. ഒപ്പം, സേവനം കൃത്യസമയത്ത് ഉദ്യോഗസ്ഥർ നൽകുന്നുണ്ട് എന്ന് ഉറപ്പാക്കാനും ജോലിഭാരം കുറയുന്നതിനാൽ ജീവനക്കാർക്ക് മറ്റ് ഭരണ നിർവ്വഹണ കാര്യങ്ങളിൽ അവരുടെ കാര്യശേഷി ഉപയോഗപ്പെടുത്താനും കഴിയും.
സർക്കാർ മേഖലയിലെ വിവിധ സ്ഥാപനങ്ങളുടെ സോഫ്റ്റ്വെയർ ഡെവലപ്പ്മെൻ്റ് സ്വകര്യ കമ്പനികൾ ഏറ്റെടുക്കുകയും പാതിവഴിയിൽ ഉപേക്ഷിച്ചുപോകുകയും ചെയ്തിട്ടുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ കേരള മിഷൻ എന്ന സ്ഥാപനം Inhouse ഡെവലപ്പ്മെന്റ് നടത്തുന്ന രാജ്യത്തെ ആദ്യത്തെ സ്ഥാപനമാണ്. അതുകൊണ്ടു തന്നെ ഐ.കെ.എമ്മിൻറെ ഈ Inhouse ഡെവലപ്പ്മെന്റ് കണ്ട് നാഷണൽ അർബൻ ഡിജിറ്റൽ മിഷൻ സോഫ്റ്റ്വെയർ ഡെവലപ്പ്മെന്റിനുവേണ്ടി ഐ.കെ.എമ്മിനെ പാർട്ട്ണറായി കൂടി അംഗീകരിച്ചിട്ടുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്സ് (NIUA) അർബൻ ഗവേണൻസ് പ്ലാറ്റ്ഫോം (NUGP) സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടപ്പിലാക്കുന്നതിനുള്ള നിർവ്വഹണ പങ്കാളിയായി ഇൻഫർമേഷൻ കേരള മിഷനെ എംപാനൽ ചെയ്തിട്ടുണ്ട്.
ഫ്രണ്ട് ഓഫീസ് സപ്പോർട്ടും ബാക്ക് ഓഫീസ് സപ്പോർട്ടും ഐ.കെ.എമ്മിൻ്റെ സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ചുകൊണ്ടുള്ള പ്രത്യേകം പ്രത്യേകം ഹെൽപ്പ് ഡെസ്ക് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനെ തുടർന്നുണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങൾ തൽസമയം പരിഹരിക്കുന്നതിന് കേന്ദ്രീകൃത റാപ്പിഡ് റെസ്പോൺ ടീമിനെ ഐ.കെ.എം ഹെഡ്ക്വാട്ടേഴ്സിൽ വിന്യസിച്ചിട്ടുണ്ട്. കെസ്മാർട്ട് ഇംപ്ലിമെൻ്റ് ചെയ്യുമ്പോൾ ട്രാൻസിഷൻ പരീഡിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് എല്ലാ ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും സഹകരണം ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും വകുപ്പ് അഭ്യർത്ഥിക്കുന്നു.


