കൊലക്കേസിലുൾപ്പെട്ട് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന രണ്ടുപേർക്ക് ഓൺലൈനായി എൽ.എൽ.ബി. പഠനത്തിന് അനുമതി നൽകി ഹൈക്കോടതി. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ജയിലിലാണെങ്കിലും അഭിമാനത്തോടെ ജീവിക്കാൻ അവർക്കും അവകാശമുണ്ട്. പഠിക്കാനുള്ള അവകാശം അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

തടവുശിക്ഷ കൊണ്ടു പ്രതികളിൽ ഉദ്ദേശിക്കുന്ന പരിവർത്തനത്തിന് വിദ്യാഭ്യാസം അത്യാവശ്യമാണ്. സമൂഹത്തിന്റെ ഭാഗമാണെന്ന തോന്നൽ തടവുകാരിൽ ഉണ്ടാക്കാൻ വിദ്യാഭ്യാസത്തിന് കഴിയും. തടവിലെ സമയം ഫലപ്രദമായി വിനിയോഗിക്കുന്നതിനും ഇതു വഴിയൊരുക്കും. ശിക്ഷ പൂർത്തിയായി പുറത്തിറങ്ങുമ്പോൾ മെച്ചപ്പെട്ട ഒരു ജീവിതം നയിക്കാൻ വിദ്യാഭ്യാസം അവരെ സഹായിക്കും- കോടതി ചൂണ്ടിക്കാട്ടി.
കണ്ണൂർ ചീമേനിയിലെ തുറന്ന ജയിലിലെ സുരേഷ്ബാബു, കണ്ണൂർ സെൻട്രൽ ജയിലിലെ വി. വിനോയ് എന്നിവരാണ് പഠനത്തിനായി ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 2023-24 അധ്യയനവർഷത്തെ എൽ.എൽ.ബി പ്രവേശനത്തിനുള്ള പ്രവേശനപരീക്ഷ ഇരുവരും വിജയിച്ചിരുന്നു. മൂന്നുവർഷത്തെ കോഴ്സിന് സുരേഷ് ബാബുവിന് മലപ്പുറം കെ.എം.സി.ടി. ലോ കോളേജിലും വിനോയിക്ക് അഞ്ചുവർഷത്തെ കോഴ്സിന് പൂത്തോട്ട ശ്രീനാരായണ ലോ കോളേജിലുമാണ് പ്രവേശനം ലഭിച്ചത്. ഫീസടയ്ക്കാനും ആവശ്യമായ സർട്ടിഫിക്കറ്റുകളുമായി കോളേജിലെത്തി പ്രവേശന നടപടികൾ പൂർത്തിയാക്കാനും കോടതി ഇവരുടെ ബന്ധുക്കളോട് നിർദേശിച്ചിരുന്നു. ഇതനുസരിച്ച് പ്രവേശനനടപടികൾ പൂർത്തിയായി.
എന്നാൽ ഓൺലൈനായി പഠിക്കണമെന്ന ആവശ്യത്തെ പ്രവേശനം നേടിയ കോളേജുകൾ ഉൾപ്പെടുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെയും എം.ജി. യൂണിവേഴ്സിറ്റിയുടെയും അഭിഭാഷകർ എതിർത്തു. ഓൺലൈൻ എൽ.എൽ.ബി. കോഴ്സുകൾക്ക് നിരോധനമുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടി. കോടതി ഉത്തരവുണ്ടെങ്കിൽ ഓൺലൈനായി പ്രവേശനം നൽകാൻ തയ്യാറാണെന്ന നിലപാടാണ് ഇരു കോളേജുകളുടെയും പ്രിൻസിപ്പൽമാർ സ്വീകരിച്ചത്.

ഓൺലൈൻ ക്ലാസ് യു.ജി.സി. അനുവദിക്കുന്നില്ലെങ്കിലും പ്രത്യേക സാഹചര്യത്തിൽ ഒരു വിദ്യാർഥിക്ക് ഓൺലൈനിൽ പ്രവേശനം നൽകുന്നത് ഈ നിയമത്തിന്റെ ലംഘനമാകില്ല. ഹർജിക്കാർ ജയിലിലായതിനാൽ അവർക്ക് കോളേജിലെത്തി ക്ലാസിലിരിക്കാനാകില്ല. അതിനാൽ അവർ ഓൺലൈനിൽ ക്ലാസിലിരിക്കുന്നത് കോളേജിലെത്തി ക്ലാസിലിരിക്കുന്നതിന് തുല്യമായി കണക്കാക്കാവുന്നതാണ്.
കോവിഡുകാലത്ത് പഠനം ഒ ാൺലൈനിലേക്ക് മാറുന്നത് നാം കണ്ടതാണ്. പ്രാക്ടിക്കൽ പരിശീലനത്തിനും പരീക്ഷയെഴുതുന്നതിനും ഹർജിക്കാർക്ക് നേരിട്ട് കോളേജിൽ പോകുന്നതിന് അനുമതി നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപയുടെ ബോണ്ട് ഉൾപ്പെടെയുള്ള ഉപാധികളാണ് ഇതിനായി വ്യവസ്ഥ ചെയ്തിരിക്കുന്നത്. ജാമ്യത്തിന്റെ ആവശ്യം വ്യക്തമാക്കുന്നതിന് കോളേജിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ ഉള്ള രേഖകൾ സഹിതമാണ് ജയിൽ സൂപ്രണ്ടിന് അപേക്ഷ നൽകേണ്ടതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.


