വാരാണസി ഐ.ഐ.ടി.യിൽ(ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി) വിദ്യാർഥിനിക്ക് നേരേ ലൈംഗികാതിക്രമം. ബുധനാഴ്ച രാത്രി ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് കാമ്പസിൽവെച്ച് വിദ്യാർഥിനിയെ ആക്രമിച്ചത്. വിദ്യാർഥിനിയെ ബലമായി ചുംബിക്കുകയും വസ്ത്രം വലിച്ചുകീറിയെന്നും ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്നുമാണ് ആരോപണം. സംഭവത്തെത്തുടർന്ന് വ്യാഴാഴ്ച ഐ.ഐ.ടി. കാമ്പസിൽ വിദ്യാർഥികളുടെ വൻപ്രതിഷേധം അരങ്ങേറി.

വിദ്യാർഥിനിയെ ആക്രമിച്ചവരെ പിടികൂടണമെന്നും കാമ്പസിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം തടയണമെന്നും സുരക്ഷ വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു വിദ്യാർഥികൾ സമരത്തിനിറങ്ങിയത്. ഇതിനുപിന്നാലെ കാമ്പസിലേക്കുള്ള എല്ലാ വഴികളും രാത്രി പത്തുമുതൽ പുലർച്ചെ അഞ്ചുവരെ അടച്ചിടാൻ ഐ.ഐ.ടി. അധികൃതർ ഉത്തരവിറക്കി.
ബുധനാഴ്ച അർധരാത്രിയാണ് കാമ്പസിൽ വിദ്യാർഥിനിക്ക് നേരേ അതിക്രമമുണ്ടായതെന്നാണ് പരാതി. അർധരാത്രി 2.30-ഓടെ ഹോസ്റ്റലിൽനിന്ന് നടക്കാനിറങ്ങിയ പെൺകുട്ടിക്കൊപ്പം സുഹൃത്തായ വിദ്യാർഥിയും ഉണ്ടായിരുന്നു. ഇരുവരും കാമ്പസിലൂടെ നടക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ മൂന്നംഗസംഘം ഇവരെ തടഞ്ഞുനിർത്തിയത്. തുടർന്ന് വിദ്യാർഥിനിയെ വായ പൊത്തിപ്പിടിച്ച് സമീപത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. ബലമായി ചുംബിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പ്രതികൾ ഫോണിൽ പകർത്തി.

അതിക്രമത്തിനിടെ വിദ്യാർഥിനി നിലവിളിച്ചപ്പോൾ കൊന്നുകളയുമെന്നായിരുന്നു പ്രതികളുടെ ഭീഷണി. 15 മിനിറ്റോളം നീണ്ട അതിക്രമത്തിന് ശേഷമാണ് പ്രതികൾ പെൺകുട്ടിയെ വിട്ടയച്ചതെന്നും പരാതിയിൽ പറയുന്നുണ്ട്. സംഭവത്തിൽ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.


