ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്തു. ഇന്ത്യൻ സമയം 5.45ന് ആരംഭിച്ച പ്രക്രിയ 6.03 ഓടെ പൂർത്തിയായി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് ലാൻഡർ ഇറങ്ങി. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഒപ്പം ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യയ്ക്ക് സ്വന്തമായി.

ദക്ഷിണധ്രുവത്തിലെ മാൻസിനസ്-സി, സിംപീലിയസ്-എൻ ഗർത്തങ്ങൾക്കിടയിൽ 69.36 ഡിഗ്രി തെക്കായിട്ടാണ് ഇറങ്ങിയത്. 4.2 കിലോമീറ്റർ നീളവും 2.5 കിലോമീറ്റർ വീതിയുമുള്ള സ്ഥലത്ത് ലാൻഡ് ചെയ്യാൻ സാധിക്കുന്ന വിധമാണ് ലാൻഡിങ് ക്രമീകരിച്ചിരിച്ചത്. ലാൻഡർ വിക്രം, റോവർ പ്രഗ്യാൻ എന്നിവ ഉൾപ്പെടുന്നതാണ് ചന്ദ്രയാൻ മൂന്നിന്റെ ലാൻഡർ മൊഡ്യൂൾ.



