ഏറ്റുമാനൂർ വള്ളിക്കാട് കുരിശുമല ഭാഗത്ത് ബുധനാഴ്ച മിനിറ്റുകളോളം ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിനെത്തുടർന്ന് വാഹന വർക്ക്ഷോപ്പിന് നാശം. രാവിലെ 11.30-നായിരുന്നു സംഭവം.

ഹെലികോപ്റ്ററിന്റെ കാറ്റേറ്റ് പെയ്ന്റിങ് വർക്ഷോപ്പിനു നാശം സംഭവിച്ചു. കട്ടിപ്പറമ്പിൽ എം.ഡി.കുഞ്ഞുമോന്റെ വീടിനോടു ചേർന്നുള്ള വർക്ഷോപ്പാണ് നശിച്ചത്. കാൻസർ ബാധിച്ച് ചികിത്സ കഴിയുന്നയാളാണ് കുഞ്ഞുമോൻ.

വിലകൂടിയ ടാർപ്പോളിൻ ഉപയോഗിച്ച് നിർമിച്ചിരുന്ന മേൽക്കൂര പറന്നുപോയി. കൂടാതെ കീറി നശിക്കുകയുംചെയ്തു. വീടിന്റെ അടുക്കളഭാഗത്തെ ആസ്ബസ്റ്റോസ് ഷീറ്റുകൾ തകർന്നു.

സംഭവസമയത്ത് വർക്ക്ഷോപ്പിൽ ഉണ്ടായിരുന്നവർ ഇറങ്ങിയോടി. രോഗിയായ കുഞ്ഞുമോന് ഓടാൻ സാധിച്ചില്ല. എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസ്സിലായില്ല. പിന്നെയാണ് വലിയ ശബ്ദത്തോടെ ഹെലികോപ്റ്റർ നിൽക്കുന്നത് കണ്ടത്. ശക്തമായ കാറ്റിൽ പൊടിപടലങ്ങൾ ഉണ്ടായി, കല്ലുകളും സാധനങ്ങളും വരെ തെറിച്ചുപോയി.

കാൻസർ രോഗിയായ കുഞ്ഞുമോൻ കീമോ ചികിത്സയിൽ കഴിയുന്നയാളാണ്. 25,000 രൂപയോളം നഷ്ടമുണ്ടായതായി പറയുന്നു.

സംഭവശേഷം കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലും ഏറ്റുമാനൂർ സ്റ്റേഷനിലും വിവരം അറിയിച്ചതായി കുഞ്ഞുമോന്റെ ഭാര്യ മോളി പറഞ്ഞു.

നേവിയുടെ ഹെലികോപ്റ്ററാണെന്നാണ് സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കോട്ടയം അഡീഷണൽ എസ്.പി. എസ്.സുരേഷ് കുമാർ ഏറ്റുമാനൂർ പോലീസിന് രാത്രി നിർദേശം നൽകി


