പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത തീവ്രവാദികളെ ‘സ്വാതന്ത്ര്യ സമര സേനാനികൾ’ എന്ന് വിളിച്ച പാകിസ്താൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിനെതിരേ മുൻ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. പാകിസ്താന്റെ വിദേശകാര്യ മന്ത്രി കൂടിയാണ് ഇഷാഖ് ദാർ.
‘പാകിസ്‌താൻ ഉപപ്രധാനമന്ത്രി തീവ്രവാദികളെ ‘സ്വാതന്ത്ര്യ സമര സേനാനികൾ’ എന്ന് വിളിക്കുമ്പോൾ അത് ഒരു അപമാനം മാത്രമല്ല -ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഭീകരതയെ തുറന്നു സമ്മതിക്കലുമാണ്’, കനേരിയ എക്സിൽ കുറിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരവാദികളെ ഇഷാഖ് ദാർ സ്വാതന്ത്ര്യസമര സേനാനികളെന്ന് വിശേഷിപ്പിച്ചത്. പഹൽഗാം ആക്രമണത്തെ പാകിസ്താൻ അപലപിക്കുകയും തീവ്രവാദ സംഘടനകൾക്ക് അഭയം നൽകുന്നുവെന്ന ആരോപണങ്ങൾ നിഷേധിക്കുകയും ചെയ്‌തതിനു പിന്നാലെയാണ് ഉപപ്രധാനമന്ത്രിയുടെ വിശേഷണം. ‘ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാം ജില്ലയിൽ ആക്രമണം നടത്തിയവർ സ്വാതന്ത്ര്യ സമര സേനാനികളായിരിക്കാം’ എന്നായിരുന്നു ഇഷാഖ് ദാറിന്റെ കമന്റ്.
ഇന്ത്യ, പാകിസ്തതാനെ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്‌താൽ തിരിച്ചടി നൽകുമെന്നും ഇഷാഖ് ദാർ പറഞ്ഞു. സിന്ധു നദീജല കരാർ പ്രകാരം തങ്ങൾക്ക് ലഭിക്കേണ്ട വെള്ളം തിരിച്ചുവിടാനുള്ള ഏതൊരു നീക്കവും യുദ്ധനടപടിയായി കണക്കാക്കുമെന്നും പാകിസ്‌താൻ നിലപാടെടുത്തിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്‌താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെയും ഡാനിഷ് കനേരിയ കുറ്റപ്പെടുത്തിയിരുന്നു. ആക്രമണത്തിൽ പാകിസ്‌താന് പങ്കില്ലെങ്കിൽ എന്തുകൊണ്ടാണ് പാക് പ്രധാനമന്ത്രി സംഭവത്തെ അപലപിക്കാത്തതെന്ന് കനേരിയ ചോദിച്ചു. പ്രധാനമന്ത്രിയുടെ നിശബ്ദത സത്യത്തിന്റെ പ്രതിഫലനത്തിന് തുല്യമാണെന്ന് പറഞ്ഞ കനേരിയ, ഷെരീഫിൻന്റെ സർക്കാർ ഭീകരർക്ക് അഭയം നൽകുകയും വളർത്തുകയും ചെയ്യുകയാണെന്നും കുറ്റപ്പെടുത്തിയിരുന്നു.


