അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള (ഐഎസ്എസ്) ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ യാത്രയുടെ പുതിയ തീയ്യതി പുറത്ത്. ജൂൺ 19-ന് ദൗത്യം വിക്ഷേപിക്കും. യുഎസ് ബഹിരാകാശ കമ്പനിയായ ആക്സിയോം സ്പെയ്സിന്റെ നാലാം ബഹിരാകാശദൗത്യത്തിലാണ് ശുഭാംശു ശുക്ല ആദ്യമായി ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നത്. ശനിയാഴ്‌ച ഐഎസ്ആർഒ ആണ് വിക്ഷേപണത്തിൻ്റെ തീയ്യതി അറിയിച്ചത്.

ഫ്ളോറിഡയിലെ കെന്നഡി സ്പെയ്‌സ് സെന്ററിൽനിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ പേടകത്തിലാണ് ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് കുതിക്കുക. വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റനായ ശുക്ലയ്ക്കൊപ്പം പോളണ്ടിൽനിന്നും ഹംഗറിയിൽനിന്നുമുള്ള സഞ്ചാരികളുമുണ്ട്. ഈ ദൗത്യ സംഘം 14 ദിവസം പരീക്ഷണനിരീക്ഷണങ്ങളുമായി ഐഎസ്എസിൽ കഴിയും.

ആദ്യം മെയ് 29നായിരുന്നു ആക്സിയം പദ്ധതിയുടെ ഭാഗമായ ബഹികാശ യാത്ര നിശ്ചയിച്ചിരുന്നത്. പിന്നീടത് ജൂൺ 10 ലേക്ക് മാറ്റി. പിന്നീടത് ജൂൺ 11 ആക്കി നിശ്ചയിച്ചു. എന്നാൽ വീണ്ടും വിക്ഷേപണം മാറ്റിവെയ്ക്കുകയായിരുന്നു. സാങ്കേതിക പ്രശ്‌നങ്ങൾ കണ്ടതിനെ തുടർന്നാണ് ജൂൺ 11-ന് വിക്ഷേപണം മാറ്റിവെച്ചത്.

പേടകം വിക്ഷേപിക്കുന്ന ഫാൽക്കൺ 9 റോക്കറ്റിലെ ലിക്വിഡ് ഓക്‌സിജൻ ചോർച്ച അന്ന് ശ്രദ്ധയിൽപ്പെട്ടിരുന്നു. മുമ്പെല്ലാം കാലാവസ്ഥ അനുകൂലമാകാതിരുന്നതിനെ തുടർന്നായിരുന്നു ദൗത്യം മാറ്റിവെച്ചതെങ്കിലും കഴിഞ്ഞ തവണ ഗുരുതരമായ സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപ്പെട്ടിരുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ ദൗത്യമാണ്. ആദ്യമായി ഒരിന്ത്യക്കാരൻ ബഹിരാകാശ നിലയത്തിലെത്തുന്നുവെന്നതാണ് ഈ ദൗത്യത്തിന്റെ പ്രത്യേകത. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യസംഘത്തിലെ അംഗംകൂടിയാണ് ശുഭാംശു ശുക്ല. മനുഷ്യരെ ബഹിരാകാശത്തയക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യത്തിൽ ശുഭാംശുവിൻ്റെ അനുഭവ പരിചയം പ്രയോജനപ്പെടുത്താൻ ഇന്ത്യയ്ക്കാവും.


