ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ വിവാഹം മാറ്റിവച്ചു. പിതാവ് ശ്രീനിവാസ് മന്ഥനയുടെ അനാരോഗ്യത്തെ തുടർന്നാണ് ചടങ്ങ് മാറ്റിയത്. ഇന്ന് മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ വച്ചാണ് സംവിധായകനും ഗായകനുമായ പലാഷ് മുഛലും സ്മൃതിയും തമ്മിലുള്ള വിവാഹം നടക്കേണ്ടിയിരുന്നത്. വവാഹച്ചടങ്ങുകൾക്കിടെ ഇന്ന് രാവിലെയാണ് ശ്രീനിവാസ് മന്ഥനയ്ക്ക് ഹൃദയാഘാതം സംഭവിച്ചത്. അപകടനില തരണം ചെയ്തു നിലവിൽ അദ്ദേഹം നിരീക്ഷണത്തിലാണെന്നും സ്മൃതിയുടെ മീഡിയ മാനേജർ പറഞ്ഞു. ഹോസ്പിറ്റലിൽ തുടരാനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത് മാനേജർ കൂട്ടിച്ചേർത്തു.

അദ്ദേഹം സുഖം പ്രാപിക്കുന്നത് വരെ വിവാഹം നീട്ടിവയ്ക്കാൻ സ്മൃതി തീരുമാനിച്ചു. എന്നാൽ വിവാഹച്ചടങ്ങുകൾ തിടുക്കപ്പെട്ട് വേണ്ടെന്നാണാണ് ഇരുകുടുംബങ്ങളുടെയും തീരുമാനം. ദീർഘനാളെത്തെ പ്രണയത്തിനൊടുവിലാണ് പലാഷും സ്മൃതിയും തമ്മിലുള്ള വിവാഹം തീരുമാനിച്ചത്. ഇന്ത്യൻ ലോകകപ്പ് വിജയിച്ച നവി മുംബൈ സ്റ്റേഡിയത്തിലെത്തി പലാഷ് മോതിരം കൈമാറിയതും ടീമിലെ സഹതാരങ്ങളുമായുള്ള സ്മൃതിയുടെ ഡാൻസും മെഹന്തി ചടങ്ങിന്റെ ദൃശ്യങ്ങളുമെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.


