സംസ്ഥാനത്തെ സ്‌കൂളുകളില്‍ ബുധനാഴ്ച മുതല്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങും. 15-18 വയസ്സ് പ്രായമുള്ള 8.14 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് സ്‌കൂളുകളില്‍ വാക്‌സിന്‍ നല്‍കുക.

51 ശതമാനം വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ ലഭിച്ചുകഴിഞ്ഞതായും ഇനി 49 ശതമാനം വിദ്യാര്‍ഥികള്‍ക്കാണ് വാക്‌സിന്‍ നല്‍കുകയെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

വാക്‌സിന്‍ വിതരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സ്‌കൂളുകളില്‍ ഒരുക്കും. അടിയന്തര സാഹചര്യങ്ങള്‍ക്കായി എല്ലാ സ്‌കൂളുകളിലും ആമ്പുലന്‍സ് സര്‍വീസുകള്‍ ഒരുക്കും. രക്ഷകര്‍ത്താക്കളുടെ പൂര്‍ണ സമ്മതത്തോടെ മാത്രമേ വാക്‌സിന്‍ നല്‍കുകയുള്ളു.

ആരോഗ്യ വകുപ്പിലെ ഒരു മെഡിക്കല്‍ ഓഫീസര്‍, വാക്‌സിനേറ്റര്‍, സ്റ്റാഫ് നേഴ്‌സ്, സ്‌കൂള്‍ നല്‍കുന്ന സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരടങ്ങുന്നതാണ് വാക്‌സിനേഷന്‍ ടീം. വാക്‌സിന്‍ നല്‍കുന്നതിനും വിശ്രമിക്കുന്നതിനുമായി പ്രത്യേകം മുറികള്‍ സജ്ജീകരിക്കും.

സ്‌കൂളുകളില്‍ പി.ടി.എ യോഗം ചേര്‍ന്ന് തയ്യാറെടുപ്പുകള്‍ വിലയിരുത്തണം.

വാക്‌സിനേഷന്‍ ദിവസത്തിന് മുമ്പ് അര്‍ഹതയുള്ള എല്ലാ വിദ്യാര്‍ത്ഥികളും കോവിന്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തും.



