ചന്ദ്രോപരിതലത്തിൽ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തി ജാപ്പനീസ് പേടകം. ജപ്പാൻ്റെ സ്ലിം (SLIM-മൂൺ നൈപ്പർ) പേടകമാണ് ലക്ഷ്യസ്ഥാനത്തിൻ്റെ നൂറ് മീറ്റർ പരിധിയിൽ വിജയകരമായി ഇറങ്ങിയത്. ഇതോടെ ചന്ദ്രോപരിതലത്തിൽ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ. അതേസമയം ലാൻഡിങ് വിജയകരമായി പൂർത്തീകരിച്ചതിൻ്റെ അന്തിമ സ്ഥിരീകരണത്തിന് പേടകത്തിൽ നിന്നുള്ള സിഗ്നലിനായി കാത്തിരിക്കുകയാണ് ശാസ്ത്രജ്ഞർ.

2023 ഓഗസ്റ്റ് 23-ന് ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യത്തിലെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയിരുന്നു. യു.എസ്, സോവിയറ്റ് യൂണിയൻ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ഇതിന് മുമ്പ് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്.

സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ എന്നതിന്റെ ചുരുക്കെഴുത്താണ് സ്ലിം. മൂൺ സ്റ്റൈപ്പർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ ലാൻഡർ ചന്ദ്രൻ്റെ മധ്യരേഖയ്ക്ക് തൊട്ട് തെക്കുഭാഗത്തായുള്ള ഷിയോലി ഗർത്തത്തിൻ്റെ ചെരിവിലാണ് ഇറങ്ങിയത്. പിൻപോയിന്റ് ടെക്നോളജി എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു ലാൻഡിങ്. രണ്ട് ഛിന്നഗ്രഹങ്ങളിൽ നേരത്തേ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ജപ്പാൻ പേടകങ്ങൾ ഇറക്കിയിട്ടുണ്ട്.

മറ്റൊരു രാജ്യത്തിനും അവകാശപ്പെടാൻ കഴിയാത്ത നേട്ടമാണിതെന്ന് ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസിയുടെ (ജാക്സ-JAXA ) സ്ലിം ദൗത്യത്തിന്റെ മാനേജർ ഷിനിചിറോ സാകായി പറഞ്ഞു. മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ് ദൗത്യം ഉൾപ്പെടെയുള്ള ഭാവിയിലെ ചാന്ദ്രദൗത്യങ്ങൾക്ക് മുതൽക്കൂട്ടാകും ജപ്പാൻ്റെ പിൻപോയിന്റ് ടെക്നോളജി എന്നും അദ്ദേഹം പറഞ്ഞു.
2023 സെപ്റ്റംബർ ഏഴിന് ജപ്പാനിലെ തനേഗാഷിമ സ്പേസ് സെൻ്ററിൽ നിന്നാണ് സ്ലിം ദൗത്യം വിക്ഷേപിച്ചത്. ഡിസംബർ 25-ന് പേടകം വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. തദ്ദേശീയമായി നിർമ്മിച്ച എച്ച്-ഐ.ഐ.എ റോക്കറ്റാണ് പേടകത്തെ ബഹിരാകാശത്തെത്തിച്ചത്.

ആയിരം കോടിയോളം രൂപയാണ് ദൗത്യത്തിൻ്റെ ചെലവ്. അതേസമയം ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യത്തിന് 600 കോടി രൂപ മാത്രമാണ് ചെലവായത്.


