സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളിലൂടെ മൂന്നുവർഷത്തിനിടെ രാജ്യത്ത് നഷ്ടമായത് 10,319 കോടി രൂപ. 2021 ഏപ്രിൽ ഒന്നുമുതൽ 2023 ഡിസംബർ 31 വരെയുള്ള കാലയളവിലാണിത്. 1,127 കോടി രൂപ തട്ടിപ്പുകാരിൽനിന്ന് അന്വേഷണ ഏജൻസികൾ തിരിച്ചുപിടിച്ചതായും ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെൻ്റർ (ഐ.4സി.) സി.ഇ.ഒ. രാജേഷ് കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.

2021-ൽ 36.38 കോടി രൂപയും 2022-ൽ 169.04 കോടി രൂപയും 2023-ൽ 921.59 കോടി രൂപയുമാണ് തിരിച്ചുപിടിച്ചത്. 4.3 ലക്ഷം പേരുടെ പണമാണ്
സംരക്ഷിച്ചത്. മൂന്നുമാസത്തിനിടെ 458 പേരെ അറസ്റ്റുചെയ്‌തു. ദിവസവും ശരാശരി 5000-ലേറെ പരാതികൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും രാജേഷ് കുമാർ അറിയിച്ചു.
ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലെ കഴിഞ്ഞവർഷത്തെ കണക്കനുസരിച്ച് ഒരുലക്ഷം പേരിൽ ശരാശരി 129 പേർ സൈബർ ക്രൈം പരാതി നൽകുന്നുണ്ട്. കൂടുതൽ പരാതി ഡൽഹിയിലാണ് -755. ചണ്ഡീഗഢ് (432), ഹരിയാണ (381), തെലങ്കാന (261), ഉത്തരാഖണ്ഡ് (243) എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനത്തുള്ളത്. കേരളത്തിൽ 86 പരാതിയാണ് ലഭിച്ചത്.

2019-ൽ തുടങ്ങിയ ദേശീയ സൈബർ ക്രൈം പോർട്ടലിൽ 31 ലക്ഷത്തിലേറെ പരാതികൾ ലഭിച്ചിട്ടുണ്ട്. സംസ്ഥാന പോലീസ് സേനകളുമായി സഹകരിച്ച് ഏഴ് ജോയന്റ് സൈബർക്രൈം കോ-ഓർഡിനേഷൻ ടീമുകൾ രൂപവത്കരിച്ചാണ് പ്രവർത്തനം. വിശാഖപട്ടണം ആസ്ഥാനമായ ടീമിലാണ് കേരളമുൾപ്പെടുന്നത്. 2019-ൽ 26,049 പരാതി ലഭിച്ചയിടത്ത് 2023-ലത് 15.56 ലക്ഷമായി. സൈബർ ക്രൈം ഹെൽപ്ലൈൻ നമ്പരായ 1930-ൽ ദിവസവും അരലക്ഷത്തിലേറെ കോളുകളാണ് വരുന്നത്. സൈബർ കുറ്റകൃത്യങ്ങളുടെ പേരിൽ 595 മൊബൈൽ ആപ്ലിക്കേഷനുകളും 2,810 വെബ്‌സൈറ്റുകളും നിരോധിച്ചു. 2.95 ലക്ഷം സിം കാർഡുകളും ബ്ലോക്ക് ചെയ്തു.
കൂടുതലും സാമ്പത്തിക തട്ടിപ്പുകൾ
സൈബർ കുറ്റകൃത്യങ്ങളിൽ കൂടുതലും സാമ്പത്തിക തട്ടിപ്പുകളാണ്. പകുതിയിലേറെ സൈബർ ആക്രമണങ്ങളും വിയറ്റ്നാം, കംബോഡിയ, ചൈന, മ്യാൻമാർ തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണെന്നും രാജേഷ് കുമാർ പറഞ്ഞു.


