ഡൽഹിയിൽ കോളേജ് വിദ്യാർഥിനിയെ യുവാവ് തലയ്ക്കടിച്ച് കൊന്നു. മാളവ്യ നഗർ അരബിന്ദോ കോളേജിന് സമീപത്തെ പാർക്കിലായിരുന്നു സംഭവം. കമല നെഹ്റു കോളജിലെ വിദ്യാർഥിനിയായ 25കാരി നർഗീസ് ആണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നർഗീസിന്റെ അകന്ന ബന്ധുവായ ഇർഫാനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ബന്ധുക്കളാണെന്നും റിപ്പോർട്ടുണ്ട്. വിവാഹ വാഗ്ദാനം നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ട നർഗീസിനെ വിവാഹം കഴിക്കാൻ ഇർഫാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും ജോലിയില്ലാത്തതിനാൽ പെൺകുട്ടിയുടെ വീട്ടുകാർ വിസമ്മതിച്ചു. വിവാഹാഭ്യർത്ഥന നിരസിച്ചതോടെ നർഗീസ് ഇർഫാനുമായുള്ള സംസാരം നിർത്തി. പലതവണ ഫോൺ ചെയ്തിട്ടും നർഗീസ് സംസാരിക്കാൻ തയാറായില്ല. ഇതിനെ തുടർന്ന് അസ്വസ്ഥനായ യുവാവ് പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സൗത്ത് ഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ചന്ദൻ ചൗധരി പറയുന്നു.

അരബിന്ദോ കോളജിന് സമീപത്തുള്ള പാർക്കിൽ ഇർഫാനൊപ്പമെത്തിയ നർഗീസിനെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. പാർക്കിലെ ബെഞ്ചിൽ രക്തം വാർന്ന നിലയിലാണ് നർഗീസിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇർഫാനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവത്തിനെതിരെ ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ രംഗത്തെത്തി. “മാളവ്യ നഗർ പോലൊരു പോഷ് പ്രദേശത്ത് ഒരു പെൺകുട്ടിയെ വടികൊണ്ട് അടിച്ചു കൊന്നു. ഡൽഹി തീർത്തും സുരക്ഷിതമല്ലാതായിരിക്കുന്നു. മാധ്യമ വാർത്തകളിൽ പെൺകുട്ടികളുടെ പേര് മാറുന്നതല്ലാതെ കുറ്റകൃത്യങ്ങൾ കുറയുന്നില്ല’ എന്ന് അവർ ട്വീറ്റ് ചെയ്തു.


