രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ‘5ജി യൂസ് കേസ് ലാബുകൾക്ക്’ തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ നടക്കുന്ന ഈ വർഷത്തെ ഇന്ത്യ മൊബൈൽ കോൺഗ്രസിൽ വെച്ചാണ് പ്രധാനമന്ത്രി 5ജി ലാബുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകിയത്. കേന്ദ്ര സർക്കാരിന്റെ ‘100 5ജി ലാബുകൾ’ പദ്ധതിയുടെ ഭാഗമായാണ് ഈ ലാബുകൾ ഒരുക്കിയത്. ഐഐടികൾ ഉൾപ്പടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 5ജി ലാബുകൾ നിർമിച്ചിട്ടുണ്ട്.

രാജ്യത്തെ യുവാക്കൾക്ക് ഇതുവഴി വലിയ സ്വപ്നങ്ങൾ കാണാനും ആഗ്രഹങ്ങൾ നേടിയെടുക്കാനും സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
നമ്മൾ രാജ്യത്ത് 5ജി വ്യാപിപ്പിക്കുക മാത്രമല്ല. 5ജി സാങ്കേതിക വിദ്യയിലെ നേതാക്കളാകാനുള്ള ദിശയിൽ സഞ്ചരിക്കുക കൂടിയാണ്. 2ജി കാലത്ത് എന്ത് സംഭവിച്ചുവെന്ന് എല്ലാവർക്കും അറിയാം. ഞങ്ങളുടെ സർക്കാരിന്റെ കാലത്ത് 4ജി വ്യാപിച്ചു എന്നാൽ അതിന്റെ പേരിൽ ഞങ്ങൾക്ക് യാതൊരു കളങ്കവുമേറ്റില്ല, 6ജി സാങ്കേതിക വിദ്യയ്ക്ക് ഇന്ത്യ നേതൃത്വം നൽകും എന്നതിൽ തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ ആവശ്യങ്ങളും ആഗോളതലത്തിലുള്ള ആവശ്യങ്ങളും നിറവേറ്റുന്ന 5ജി ആപ്ലിക്കേഷനുകളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ 5ജി സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട അവസരങ്ങൾ നേടിയെടുക്കാനുള്ള ശ്രമമാണ് ‘100 5ജി ലാബ്സ് സംരംഭം’, വിദ്യാഭ്യാസം, കൃഷി, ആരോഗ്യം, ഊർജം, ഗതാഗതം തുടങ്ങി വിവിധ സാമൂഹിക സാമ്പത്തിക മേഖലകളിൽ നൂതനത്വം പ്രോത്സാഹിപ്പിക്കുന്നതിനും 5ജി സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ രാജ്യത്തെ മുൻനിരയിലേക്ക് നയിക്കുന്നതിനും ഈ സംരംഭം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


