വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. മൂർഖന്റെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന സുരേഷിന്റെ തലച്ചോറിന്റെ പ്രവർത്തനം ഭാഗികമായി മെച്ചപ്പെട്ടു.

രക്തസമ്മർദം സാധാരണനിലയിലായി. ഹൃദയമിടിപ്പും സാധാരണനിലയിലായിട്ടുണ്ട്. സുരേഷിന്റെ ആരോഗ്യം മെച്ചപ്പെട്ടു വരുന്നത് ശുഭസൂചനയാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞു.

സുരേഷ് ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലാണ്. കഴിഞ്ഞദിവസം വൈകിട്ട് 4.30നു കുറിച്ചി കരിനാട്ടുകവലയിൽ മൂർഖൻ പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിലാണ് വലതു കാൽമുട്ടിനു മുകളിൽ കടിയേറ്റത്.

ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.



