വടകരയിൽ വമ്പൻ വിജയം സ്വന്തമാക്കി ഷാഫി പറമ്പിലും യു.ഡി.എഫും. എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയെ ഒരുലക്ഷത്തിലേറെ വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഷാഫി വടകരയുടെ മനസ് കീഴടക്കിയത്. വോട്ടെണ്ണൽ അവസാനിച്ചപ്പോൾ ഷാഫി പറമ്പിലിന് 5,57,528 വോട്ടുകളാണ് ലഭിച്ചത്.
ശൈലജയ്ക്ക് 4,43,022 വോട്ടുകളും ബി.ജെ.പി. സ്ഥാനാർഥി പ്രഫുൽ കൃഷ്ണന് 1,11,979 വോട്ടുകളുമാണ് വടകരയിൽ ലഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെ. മുരളീധരന് ലഭിച്ച 84,663 എന്ന ഭൂരിപക്ഷം മറികടന്ന് 1,14,506 എന്ന വലിയ ഭൂരിപക്ഷമാണ് ഷാഫി നേടിയത്.
വോട്ടെണ്ണൽ ആരംഭിച്ചതുമുതൽ ഷാഫി പറമ്പിലാണ് മുന്നിട്ടുനിന്നത്. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിലും ശൈലജയ്ക്ക് മുന്നേറാൻ കഴിഞ്ഞില്ല. ഓരോ റൗണ്ടിലും ഷാഫി പറമ്പിൽ ക്രമമായി ഉയർത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
വോട്ടുകൾ വർധിപ്പിക്കാൻ സാധിച്ചെങ്കിലും വടകരയിൽ ഒരു ചലനവുമുണ്ടാക്കാൻ എൻ.ഡി.എ. സ്ഥാനാർഥി പ്രഫുൽ കൃഷ്ണന് സാധിച്ചില്ല. അതേസമയം തൻ്റെ വോട്ട് ഒരുലക്ഷം കടത്താൻ അദ്ദേഹത്തിന് സാധിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 80,000-ത്തോളം വോട്ട് മാത്രമാണ് എൻ.ഡി.എയ്ക്ക് വടകരയിൽ നേടാൻ കഴിഞ്ഞത്.


