മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിൻ്റെ മീഡിയ വിഭാഗവും വാൾട്ട് ഡിസ്‌നിയുടെ ഇന്ത്യയിലെ മീഡിയ ബിസിനസും ലയിക്കാൻ ഒരുങ്ങുന്നു. ലയനത്തിൻ്റെ ഭാഗമായി ഇരുകമ്പനികളും നോൺ- ബൈൻഡിങ് ടേമിൽ ഒപ്പുവെച്ചു. 2024 ഫെബ്രുവരിയോടെ ലയനം പൂർത്തിയാവുമെന്ന് ഇക്കണോമിക് ടൈംസിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ലയനത്തോടെ പുതുതായി രൂപീകരിക്കപ്പെടുന്ന കമ്പനിയിൽ റിലയൻസിന് 51 ശതമാനവും ഡിസ്‌നിക്ക് 49 ശതമാനം പങ്കാളിത്തവുമാണ് ഉണ്ടാവുക.

നേരത്തെ, ലണ്ടനിൽ ഇരുകമ്പനികളും ലയനത്തെക്കുറിച്ച് ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ലയനം പൂർത്തിയാവുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ മീഡിയ എൻ്റർടെയ്ൻമെന്റ്റ് കമ്പനിയായി ഇതുമാറും. നിലവിൽ വയകോം 18-നു കീഴിലായി റിലയൻസ് ഇന്ത്യ ലിമിറ്റഡിന് നിരവധി ടെലിവിഷൻ ചാനലുകളും സ്ട്രീമിങ് ആപ്പുകളുമുണ്ട്.
സ്റ്റാർ ഇന്ത്യയുടെ നിയന്ത്രണത്തിനായി റിലയൻസ് വയകോം 18-ന് കീഴിൽ പ്രത്യേക യൂണിറ്റുണ്ടാക്കാനാണ് പദ്ധതിയെന്ന് പുതിയ കരാർ ഉദ്ധരിച്ച് വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ടുചെയ്‌തു. 150 കോടി ഡോളർവരെ മൂലധനനിക്ഷേപം ഉദ്ധേശിക്കുന്ന പദ്ധതിയും ഇരുവിഭാഗവും ചർച്ച ചെയ്തുവെന്നാണ് സൂചന.

ഡിസ്നിക്കു കീഴിലായി ഇന്ത്യയിൽ വിവിധ ടി.വി. ചാനലുകളും ഹോട്സ്റ്റാർ ഒ.ടി.ടി. പ്ലാറ്റ്ഫോമും പ്രവർത്തിക്കുന്നുണ്ട്. ഇവ വിറ്റൊഴിവാക്കാനോ ജോയിൻ്റ് വെഞ്ച്വർ രൂപീകരിക്കാനോ ഡിസ്‌നി പദ്ധതിയിട്ടിരുന്നു.


