കൃഷിയിൽ യന്ത്രവത്കരണം വ്യാപകമാക്കാനും ഉപകരണങ്ങൾ ലഭ്യമാക്കാനും സർക്കാർ തലത്തിലുൾപ്പെടെ നിരവധി പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. കഴിഞ്ഞ കുറച്ചുകാലമായി കാർഷികമേഖലയിൽ യന്ത്രങ്ങളുടെ ഉപയോഗവും വർധിച്ചിട്ടുണ്ട്. ഇലക്ട്രിക് കാറുകളും സ്‌കൂട്ടറുകളും നമുക്ക് പരിചിതമാണെങ്കിലും കാർഷികാവശ്യങ്ങൾക്ക് ഏറ്റവുമധികം ഉപയോഗിക്കുന്ന ട്രാക്ടറും ഇലക്ട്രിക് ആകുന്നത് അടുത്തിടെയാണ്.
ദക്ഷിണേന്ത്യയിലെ ഏറ്റവും വിലയ കാർഷികമേളയായ കൊഡീസിയ അഗ്രി ഇന്റക്സ് 2025ൽ സന്ദർശകരെയും കർഷകരെയും ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ഇലക്ട്രിക് ട്രാക്ടറാണ്. മുരുഗപ്പ ഗ്രൂപ്പിൻ്റെ കീഴിലുള്ള കമ്പനി നിർമ്മിച്ചതാണ് മൊൺട്ര ഇലക്ട്രിക് ട്രാക്‌ടർ. കോയമ്പത്തൂർ അവിനാശി റോഡിലെ കൊഡീസിയ ഹാളിലാണ് മേള നടക്കുന്നത്. ഇലക്ട്രിക് ട്രാക്ടറിന് പുറമേ കാർഷികാവശ്യങ്ങൾക്കുള്ള അതിനൂതനമായ ഉപകരണങ്ങളുടെ പ്രദർശനവും മേളയിൽ ഒരുക്കിയിരിക്കുന്നു.

നിലമുഴുതാനും സാധനങ്ങൾ കൊണ്ടുപോകാനും ഉൾപ്പെടെ വിവിധ കൃഷി ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന ഇലക്ട്രിക് ട്രാക്‌ടർ ചെറുകിട-ഇടത്തരം കർഷകർക്കു വേണ്ടിയാണ് നിർമ്മിച്ചിരിക്കുന്നത്. 27 കുതിരശക്തിയുള്ള എൻജിനുള്ള ട്രാക്‌ടറിൻ്റെ ഏറ്റവും വലിയ പ്രത്യേകത മലിനീകരണമില്ല എന്നതാണ്. ഏറ്റവും കുറഞ്ഞ മെയിൻ്റനൻസ് ആണ് വരുന്നതെന്നും വളരെ വേഗത്തിൽ ചാർജ് ചെയ്യാവുന്ന ബാറ്ററിയാണെന്നും കമ്പനി അവകാശപ്പെടുന്നു. കഴിഞ്ഞദിവസം മേള കാണാനെത്തിയ കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ ഇലക്ട്രിക് ട്രാക്‌ടറിൻ്റെ സവിശേഷതകൾ കണ്ടറിഞ്ഞു.

14 വരെ നീളുന്ന കാർഷികമേളയിൽ 15 സംസ്ഥാനങ്ങളിൽ നിന്നുള്ള 400 ഓളം കമ്പനികളുടെ 600 സ്റ്റാളുകളാണ് ഉള്ളത്. കൂറ്റൻ കൊയ്‌തു യന്ത്രവും പവർ ടില്ലറും ഉൾപ്പെടെയുള്ള വിവിധതരം കാർഷികോപകരണങ്ങൾ, ട്രക്കുകൾ, ഗ്രീൻ ഹൗസുകൾ, റിമോട്ട് കൺട്രോൾ, നിർമിതബുദ്ധി നിയന്ത്രിത ജലസേചന മാർഗങ്ങൾ, സോളാർ പമ്പുകളുടെ മോഡലുകൾ, പുനരുപയോഗ ഊർജ മാർഗങ്ങൾ, അക്വാകൾച്ചർ, വിവിധതരം രാസവളങ്ങൾ, കീടനാശിനികൾ, കൂടുതൽ വിളവുതരുന്ന സങ്കരയിനം വിത്തുകൾ, തൈകൾ, ഭക്ഷ്യസംസ്കരണം, പാക്കിങ്, ജൈവകൃഷി, ഡയറി ഫാമിങ് തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട എല്ലാം ഓരോ സ്റ്റാളുകളിലായി കാണാം. കോഴിവളർത്തലുമായി ബന്ധപ്പെട്ട പവലിയനും നാടൻ കന്നുകാലികളുടെ പ്രദർശനവും ആദ്യമായാണ് മേളയുടെ ഭാഗമാകുന്നത്.
നടീൽ മുതൽ വിളവെടുക്കലും സംസ്‌കരണവും മൂല്യവർധിത ഉത്പന്നമാക്കലും കയറ്റുമതിയും വരെയുള്ള വിവിധ ഘട്ടങ്ങൾ കർഷകർക്ക് പരിചയപ്പെടുത്താനും യന്ത്രവത്കരണത്തിലൂടെ സുഗമമാക്കാനും കഴിയുന്ന രീതിയിലാണ് മേള ഒരുക്കിയിരിക്കുന്നത്. രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെയാണ് മേളയുടെ സമയം. 50 രൂപയാണ് പ്രവേശന ഫീസ്.


