അറിഞ്ഞോ അറിയാതെയോ മനുഷ്യർ പലപ്പോഴും ജീവജാലങ്ങളുടെ വംശനാശത്തിന് വരെ കാരണമാവാറുണ്ട്. ഇത് ശരിവെയ്ക്കുന്ന റിപ്പോർട്ട് യു.കെ സെന്റർ ഫോർ എക്കോളജി ആൻഡ് ഹൈഡ്രോളജി പുറത്തുവിട്ടിരിക്കുകയാണ് മനുഷ്യരാശിയുടെ ഇടപെടൽ മൂലം ലോകമെമ്പാടുമുള്ള 1,430 പക്ഷിയിനങ്ങൾ ഭൂമിയിൽ നിന്ന് മൺമറഞ്ഞുവെന്നാണ് റിപ്പോർട്ട് വിശദീകരിക്കുന്നത്. മുൻപ് കരുതപ്പെട്ടിരുന്നതിനെക്കാൾ ഇരട്ടിയോളം വരുന്ന കണക്ക് കൂടിയാണിത്.

ഹവായ്, ടോംഗോ, അസോരിസ് തുടങ്ങിയ പ്രദേശങ്ങളെ പ്രധാനമായും കേന്ദ്രീകരിച്ചുള്ളതാണ് യുകെസിഇഎ റിപ്പോർട്ട്. ഈ പ്രദേശങ്ങളിൽ വനനശീകരണം, വേട്ടയാടൽ, അധിനിവേശ വിഭാഗങ്ങളുടെ സാന്നിധ്യം എന്നിവ കൂടുതലായി റിപ്പോർട്ട് ചെയ്തിരുന്നു. എലി, പന്നി തുടങ്ങിയവ പലയിടങ്ങളിലായി മനുഷ്യരുടെ സഹായത്താൽ എത്തിപ്പെട്ടു. ഇവയുടെ സാന്നിധ്യം പക്ഷികളൊരുക്കുന്ന കൂട് നശിക്കാൻ കാരണമാകുക മാത്രമല്ല, പക്ഷികളോട് ആഹാരത്തിന് ഇവ മത്സരവും വെച്ചുപുലർത്തുന്നതായിട്ടാണ് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകർ പറയുന്നത്.

കിഴക്കൻ പസഫികിൽ മാത്രം മനുഷ്യരെത്തിയതിന് ശേഷം 570 പക്ഷിയിനങ്ങൾ ഇല്ലാതായെന്ന് നേച്വർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.


