മണിപ്പുരിൽ വീണ്ടും സംഘർഷം. 24 മണിക്കൂറിനിടെ ഒരു സ്ത്രീ ഉൾപ്പടെ 11 പേർ കൊല്ലപ്പെട്ടു. 10 ഓളം പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഖമെൻലോക് മേഖലയിൽ ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്. ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ വെടിവയ്പ്പിലാണ് 11 പേർ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. മരിച്ചവരുടെ മൃതദേഹങ്ങളിൽ വെടിയേറ്റതിന്റെയും വെട്ടേറ്റതിന്റെയും പരുക്കുകളുണ്ട്. അക്രമികൾ വീടുകൾക്കും തീവച്ചു. കലാപത്തിന്റെ മൂന്നാം ഘട്ടമാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതിനിടെ, കോൺഗ്രസ് പ്രതിനിധി സംഘം
കലാപബാധിത മേഖലകൾ സന്ദർശിക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മണിപ്പുർ മുഖ്യമന്ത്രി ബിൻ സിങ്ങും നേരിട്ടിറങ്ങിയിട്ടും സംസ്ഥാനത്തിലെ സംഘർഷം അടങ്ങാത്തത് ആശങ്കയുണ്ടാക്കുന്നതിനാൽ, വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അമിത് ഷായുടെയും ബിരേൻസിങ്ങിന്റെയും നേതൃത്വത്തിൽ നടത്തിയ സമാധാന ശ്രമങ്ങൾ പാളിയതോടെയാണ് സംഘർഷം വീണ്ടും രൂക്ഷമായത്.



