50 വർഷത്തോളം ഫിസിക്‌സ് പ്രൊഫസറായി ജോലി ചെയ്‌ത 86 കാരനായ കെൻ ഓമിൻ്റെ (Ken Ohm) ഏറ്റവും ഒടുവിലത്തെ ആഗ്രഹം ബഹിരാകാശത്ത് തൻ്റെ ആയിരം പതിപ്പുകൾ ഉണ്ടാക്കണമെന്നതാണ്. അതിനായി അദ്ദേഹം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് സ്വന്തം ഡിഎൻഎ അയക്കുകയാണ്. ഇൻ്റർഗാലക്‌സിക് മൃഗശാലയിൽ ഒരു ദിവസം ക്ലോണിംഗിനായി തൻ്റെ ഡിഎൻഎ ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. ചന്ദ്രനെക്കുറിച്ചും മിഡ്വെസ്റ്റേൺ ജീവിതത്തെക്കുറിച്ചും നിരവധി പുസ്‌തകങ്ങൾ എഴുതിയിട്ടുള്ള ആളാണ് പ്രൊഫസർ കെൻ ഓം.

അദ്ദേഹം തന്റെ ഡിഎൻഎ ചന്ദ്രനിലേക്ക് അയക്കുന്നത് റോക്കറ്റ് വിമാനത്തിൽ മരണാനന്തരം ദഹിപ്പിക്കപ്പെടുന്ന മനുഷ്യരുടെ ചാരവും മറ്റും ബഹിരാകാശത്തേക്ക് മാറ്റുന്നതിൽ വൈദഗ്‌ധ്യം നേടിയ സെലസ്റ്റിൻസിൻ (Celestis) സഹായത്തോടെയാണ്. സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് സർവീസസ് ഇങ്കിൻ്റെ അനുബന്ധ സ്ഥാപനമാണ് സെലസ്റ്റിൻസ്.
“ഞാൻ അനിശ്ചിതത്വത്തിലാണ് ജീവിക്കുന്നത്,” കെൻ ഓം ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. “സ്റ്റാർ വാർസിൽ” നിന്നുള്ള റിപ്പബ്ലിക് ആർമിക്ക് സമാനമായി തൻ്റെ ആയിരം പതിപ്പുകൾ ബഹിരാകാശത്ത് ക്ലോൺ ചെയ്യാനുള്ള അവസരവും ഓമിനുണ്ടെന്ന് വിയോന്യൂസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്‌തു. മുൻ ബേസ്‌ബോൾ കളിക്കാരനും ജാവലിൻ ത്രോയറുമായിരുന്നു കെൻ ഓം. 1960 കളിൽ യുഎസിൻ്റെ അപ്പോളോ പ്രോഗ്രാമിൻ്റെ പ്രതാപകാലത്ത് നാസയുടെ ബഹിരാകാശ യാത്രികനാകാൻ താൻ അതിയായി ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ ഉയരക്കൂടുതൽ കാരണം പിന്മാറുകയായിരുന്നെന്നും അദ്ദേഹം പറയുന്നു. ഇനി വരാനിരിക്കുന്ന തലമുറകൾക്ക് ചന്ദ്രനെ നോക്കി ഓൾഡ് കെന്നിന്റെ ഡിഎൻഎ അവിടെയുണ്ട് എന്ന് പരസ്‌പരം പറയാമെന്നും അദ്ദേഹം തമാശയായി കൂട്ടിച്ചേർത്തു.
ഇത്തരം യാത്രകളെ മെമ്മോറിയൽ ബഹിരാകാശ യാത്രകൾ (memorial spaceflights) എന്ന് വിശേഷിപ്പിക്കപ്പെടുന്നു. മരണാന്തരം ചിതാഭസ്‌മോ ഡിഎൻഎയോ ഇത്തരം യാത്രകളിൽ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നു. 1994 മുതൽ ഇതുവരെയായി ഇത്തരം 17 യാത്രകളാണ് സെലസ്റ്റിൻസിൻ്റെ നേതൃത്വത്തിൽ നടന്നിട്ടുള്ളത്. ഇതിൽ ചിലത് ഭൂമിയെ പരിക്രമണം ചെയ്യുമ്പോൾ മറ്റ് ചില യാത്രകൾ ബഹിരാകാശത്ത് അവസാനിക്കുന്നു. ചില റോക്കറ്റുകളെ ചന്ദ്രനിൽ ഇറക്കുന്നു. ഇത്തരം യാത്രകളുടെ ചെലവ് ഏകദേശം $2,500 (2,08,350 രൂപ) മുതൽ ആരംഭിക്കുന്നു. അതേസമയം ന്യൂയോർക്കിൽ ശരാശരി ശവസംസ്‌കാര ചെലവ് ഏകദേശം 10,000 ഡോളറിനും (8,33,400 രൂപ) മുകളിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സെലസ്റ്റിൻസിൻ്റെ അടുത്ത ചാന്ദ്രവിമാനം വരുന്ന ക്രിസ്‌മസിന് കേപ് കനാവറലിൽ നിന്ന് ചന്ദ്രനിലേക്കുള്ള യാത്ര തിരിക്കും. മരണാനന്തര അവശിഷ്‌ടങ്ങളും ഡിഎൻഎകളുമായി റോക്കറ്റ്, ചന്ദ്രന്റെ വടക്കുകിഴക്കൻ പ്രദേശത്ത് ഇറങ്ങും.

ഈ വിമാനത്തിൽ പ്രൊഫസർ കെൻ ഓമിനെ കൂടാതെ മറ്റ് ആറ് പേർ കൂടി ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. അധ്യാപകനായ ലെമുവൽ പാറ്റേഴ്‌സൺ (71), ഫാർമസിസ്റ്റായ കാത്ലീൻ മാൻസ്ഫീൽഡ് (70), ബഹിരാകാശ അധ്യാപകനായ ഗയ് പിഗ്നോലെറ്റ് (81), ഗ്രാഫിക് ഡിസൈനറായ മാരിബെൽ ഗ്രേ (52), എയ്റോസ്പേസ് എഞ്ചിനീയറായ ജെഫ്രി വോയ്‌റ്റാച്ച് (62), N.Y.F.D. ബറ്റാലിയൻ മേധാവിയായ ഡാനിയൽ കോൺലിസ്‌ക് (76) എന്നിവരാണവർ ഇത്തരത്തിൽ തങ്ങളുടെ ഭൗതികാവശിഷ്ട്‌ടം ചന്ദ്രനിലേക്ക് അയയ്ക്കാൻ തയ്യാറെടുക്കുന്നവർ. ചിലർ മരണാനന്തരം യാത്രയ്ക്ക് ഒരുങ്ങുമ്പോൾ മറ്റ് ചിലർ തങ്ങളുടെ ഡിഎൻഎ ബഹിരാകാശത്തേക്ക് അയക്കുന്നു.


