മലയിൽ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കില്ല. വനമേഖലയിൽ അനുമതിയില്ലാതെ അതിക്രമിച്ച് കയറിയതിന്റെ പേരിൽ കേരളാ ഫോറസ്റ്റ് ആക്ട് സെക്ഷൻ 27 പ്രകാരമാണ് കേസെടുക്കുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് തീരുമാനം വന്നത്. ബാബുവിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായി മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡനുമായി ഇക്കാര്യം സംസാരിച്ചെന്ന് മന്ത്രി അറിയിച്ചു.

ഒരു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് ബാബു ചെയ്തത്. ഇതിനെതിരേ വിമർശനങ്ങൾ ഉയർന്നിരുന്നു. കേസെടുക്കുന്നതിന് മുന്നോടിയായി വാളയാർ സെക്ഷൻ ഓഫീസർ ബാബുവിനെ കണ്ട് മൊഴിയെടുക്കുമെന്നാണ് അറിയിച്ചിരുന്നത്.

ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. 48 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്നലെ ഉച്ചയോടെയാണ് ബാബുവിനെ ആശുപത്രിയിലെത്തിച്ചത്.



