ബഹിരാകാശയാത്ര നടത്തുന്ന ആദ്യ പാകിസ്താനിയായി നമിറ സലീം. വിർജിൻ ഗാലക്ടികിന്റെ അഞ്ചാമത് യാത്രയിലാണ് സാഹസിക സഞ്ചാരിയായ നമിറ സലീമും ബഹിരാകാശ യാത്ര നടത്തിയത്. ഭൂമിയുടെ ഇരു ധ്രുവങ്ങളിലേക്ക് സഞ്ചരിക്കുകയും എവറസ്റ്റ് പർവത്തതിന് മുകളിൽ പാരച്യൂട്ടിൽ സഞ്ചരിക്കുകയും ചെയ്തിട്ടുള്ളയാളാണ് നമിറ
രണ്ട് ദശാബ്ദങ്ങൾക്ക് മുമ്പ് റിച്ചാർഡ് ബ്രാൻസൺ വിർജിൻ ഗാലക്ടിക് സ്ഥാപിച്ച സമയത്ത് ബഹിരാകാശ യാത്രയ്ക്ക് ആദ്യ ടിക്കറ്റെടുത്തയാളുകളിൽ ഒരാളാണ് നമിറ
വെള്ളിയാഴ്ച നടത്തിയ യാത്രയിൽ അമേരിക്കൻ സ്വദേശിയായ റോണൻ റൊസാനോയും ബ്രിട്ടിഷുകാരനായ ട്രെവർ ബീറ്റിയും നമിറയ്ക്കൊപ്പം ഗാലക്ടിക് 4 എന്ന് വിളിക്കുന്ന യാത്രയിൽ ബഹിരാകാശ യാത്ര നടത്തി. വിർജിൻ ഗാലക്ടിക് ജീവനക്കാരനായ ബെത്ത് മോസസും രണ്ട് പൈലറ്റുമാരും വാഹനത്തിലുണ്ടായിരുന്നു.

സാധാരണ റോക്കറ്റ് വിക്ഷേപണങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രത്യേക വിമാനത്തിൽ ആകാശത്തിലെത്തിക്കുന്ന ബഹിരാകാശ വാഹനം നിശ്ചിത ഉയരത്തിൽ നിന്ന് രണ്ട് റോക്കറ്റ് എഞ്ചിനുകളുടെ സഹായത്തോടെ ബഹിരാകാശത്തേക്ക് കുതിക്കുന്ന രീതിയാണ് വിർജിൻ ഗാലക്ടിക് ബഹിരാകാശ യാത്രയ്ക്കായി അവലംബിക്കുന്നത്.
നിശ്ചിത പരധിയിലെത്തുന്നതോടെ യാത്രികർക്ക് ഭാരമില്ലായ്മ അനുഭവിക്കാനാവും. ഇതോടെ ഇവർക്ക് ഇരിപ്പിടങ്ങളിൽ നിന്ന് എഴുന്നേറ്റ് വാഹനത്തിന്റെ ജനാലകളിലൂടെ ഭൂമിയേയും ശൂന്യാകാശത്തേയും നോക്കിക്കാണാനാവും. ശേഷം പതിയെ ഭൂമിയലേക്ക് തിരികെയിറങ്ങുന്ന പേടകം വിക്ഷേപണത്തിന് ഏകദേശം ഒരുമണിക്കൂർ സമയംകൊണ്ട് ന്യൂ മെക്സിക്കോയിലെ സ്പേസ് പോർട്ടിൽ വന്നിറങ്ങും.

വിർജിൻ ഗാലക്ടികിനെ പോലെ തന്നെ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ എന്ന കമ്പനിയും സബ് ഓർബിറ്റൽ സ്പേസ് ടൂറിസം രംഗത്ത് സജീവമാണ്. വെർട്ടിക്കൽ ടേക്ക് ഓഫ് റോക്കറ്റിൽ ഇതിനകം 31 പേരെ ബ്ലൂ ഒറിജിൻ സബ് ഓർബിറ്റിൽ എത്തിച്ചിട്ടുണ്ട്. എന്നാൽ 2022 ൽ നടത്തിയ ഒരു ആളില്ലാ വിക്ഷേപണത്തിനിടെ ഉണ്ടായ അപകടത്തെ തുടർന്ന് ബ്ലൂ ഒറിജിന്റെ റോക്കറ്റുകളുടെ ഉപയോഗം നിർത്തിവെച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം നടന്നുവരുന്നുണ്ട്.


