പ്രപഞ്ചോത്പത്തിക്കുമുമ്പുണ്ടായതെന്ന് കരുതുന്ന 1300 കോടി വർഷം പഴക്കമുള്ള തമോഗർത്തം കണ്ടെത്തി. ഇതുവരെ നിരീക്ഷിച്ചിട്ടുള്ളതിൽ ഏറ്റവും പഴക്കം ചെന്ന തമോഗർത്തത്തെ നാസയുടെ ജെയിസ് വെബ് ബഹിരാകാശ ദൂരദർശിനിയാണ് കണ്ടെത്തിയത്.

ജി.എൻ.-ഇസെഡ്-11 എന്ന ആകാശഗംഗയിൽ സ്ഥിതിചെയ്യുന്ന തമോഗർത്തത്തിന് സൂര്യൻ്റെ ഏകദേശം പത്തുലക്ഷം മടങ്ങ് പിണ്ഡമുണ്ട്. തമോഗർത്തത്തിന് ഇത്രയധികം വലുപ്പമുണ്ടായതെങ്ങനെയെന്നത് ശാസ്ത്രജ്ഞർ അന്വേഷിക്കുകയാണ്. മഞ്ഞുവീഴ്‌ചയും നക്ഷത്രങ്ങളുടെയും മറ്റ് ബഹിരാകാശവസ്‌തുക്കളുടെയും ലയനത്തിലൂടെയും വലുപ്പം വെച്ചിരിക്കാമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. കേംബ്രിജ് സർവകലാശാലയിലെ ജ്യോതിശ്ശാസ്ത്രജ്ഞനായ പ്രൊഫസർ റോബർട്ടോ മയോലിനോയും സംഘവുമാണ് നിരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയത്.

തമോഗർത്തങ്ങൾ പ്രകാശം കടത്തിവിടില്ലെന്നതിനാൽ അവയുടെ നേരിട്ടുള്ള ചിത്രമെടുക്കുക സാധ്യമല്ല. ചുറ്റും കറങ്ങുന്ന വാതകങ്ങളും പൊടികളും ചേർന്നുള്ള പ്രഭാ വലയമാണ് ചിത്രത്തിൽ ദൃശ്യമാവുക. നക്ഷത്രങ്ങൾ അവയുടെ പരിണാമദശയുടെ അവസാനകാലം ഊർജം സൃഷ്ടിക്കാനുള്ള കഴിവു നഷ്ടപ്പെട്ട് ഗുരുത്വാകർഷണത്താൽ ചുരുങ്ങി തമോഗർത്തം അഥവാ ബ്ലാക്ക് ഹോൾ ആയി മാറും. അവയുടെ പിണ്ഡം നക്ഷത്രത്തെക്കാൾ വളരെ കുറവായിരിക്കും.


