പാലാ നഗരസഭാ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കക്കണ്ടത്തിനുമേൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് കോൺഗ്രസ് കൗൺസിലേഴ്‌സ്. യുഡിഎഫ് നേതാക്കൾ വിളിച്ച ചർച്ചയിലാണ് കൗൺസിലർമാരുടെ പ്രതികരണം. രേഖാമൂലം കൗൺസിലേഴ്‌സ് യുഡിഎഫ് നേതാക്കൾക്ക് കത്ത് നൽകി.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവവികാസങ്ങൾ കോൺഗ്രസ് പാർട്ടിക്കും കൗൺസിലർമാർക്കും അപമാനമുണ്ടാക്കുന്നതെന്ന് കത്തിൽ പറയുന്നു. യുഡിഎഫ് ഭരണം എന്ന് പറയാമെങ്കിലും കോൺഗ്രസ് കൗൺസിലർമാർക്കോ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാർക്കോ യാതൊരുവിധ റോളും ഭരണത്തിൽ ഇല്ലായിരിക്കുന്നു. സംസ്ഥാന ഭരണത്തിനും യുഡിഎഫ് എംഎൽഎ ജയിക്കുന്നതിന് വേണ്ടിയും യാതൊരുവിധ അപസ്വരങ്ങളും ഉണ്ടാകാതെ യുഡിഎഫ് നേതാക്കൾ പറഞ്ഞതനുസരിച്ച് മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം പാർലമെന്ററി പാർട്ടിയിൽ കോൺഗ്രസ് കൗൺസിലർമാർക്കെതിരെ വാക്കേറ്റവും കൈയേറ്റശ്രമവും വരെയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാരുടെയും നഗരസഭ ജീവനക്കാരന്റെയും സാന്നിധ്യത്തിൽ മൊഴിയെടുത്തിട്ടും ഒരു കോൺഗ്രസ് കൗൺസിലർക്കെതിരെ മോഷണം ഉൾപ്പടെയുള്ള കള്ളക്കേസ് ചെയർപേഴ്‌സൺ കൊടുക്കുകയും മാധ്യമങ്ങളെ വിളിച്ച് വരുത്തി വാർത്ത നൽകി അപമാനിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ചെയർപേഴ്‌സൺ ദിയ ബിനുവിലും സ്വതന്ത്രകൂട്ടായ്മയിലുമുള്ള വിശ്വാസം ഞങ്ങൾക്ക് പൂർണമായും നഷ്ടപ്പെട്ടിരിക്കുന്നു – കത്തിൽ പറയുന്നു.


