പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്‌താൻ്റെ പങ്കിനേക്കുറിച്ചുള്ള
വ്യക്തമായ തെളിവുകൾ വിദേശ നയതന്ത്രപ്രതിനിധികൾക്ക് കൈമാറി ഇന്ത്യ. സാങ്കേതിക തെളിവുകളും ഇൻ്റലിജൻസ് ശേഖരിച്ച നിർണായക തെളിവുകളും നിർണായക ദൃക്സാക്ഷി വിവരണങ്ങളും രഹസ്യാന്വേഷണ സ്രോതസ്സുകളിൽ നിന്നുള്ള വിശ്വസനീയമായ വിവരങ്ങളും പഹൽഗാം ആക്രമണത്തിലെ പാകിസ്‌താന്റെ പങ്ക് സ്ഥിരീകരിക്കുന്നതാണെന്ന് ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തെ അറിയിച്ചു.
കഴിഞ്ഞ രണ്ടുദിവസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രാലയത്തിലെ (എംഇഎ) മുതിർന്ന ഉദ്യോഗസ്ഥരും 30-ലധികം വിദേശ അംബാസഡർമാരുമായി ഇക്കാര്യങ്ങൾ സംസാരിച്ചതായാണ് റിപ്പോർട്ടുകൾ. പഹൽഗാം ഭീകരരെയും ഭീകര സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ടിനെയും പാകിസ്താനുമായി ബന്ധിപ്പിക്കുന്ന കണ്ടെത്തലുകളും ഇന്ത്യ പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി 13 ലോകനേതാക്കളുമായി നടത്തിയ ഫോൺ സംഭാഷണങ്ങളിലും ഇക്കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ഭീകരരുടെയും ഭീകര സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ടിന്റെയും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തെളിവുകൾ പാകിസ്‌താനിൽ കുറഞ്ഞത് രണ്ട് സ്ഥലങ്ങളിലെങ്കിലും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളും ഇന്ത്യ വിദേശ നയതന്ത്ര പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്. ചില തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരുടെ മുൻകാല പ്രവർത്തനങ്ങളും ഭീകരാക്രമണങ്ങളിലുള്ള പങ്കാളിത്തവും സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇന്ത്യ വിദേശ സർക്കാരുകളെ അറിയിച്ചു.


