പതിനേഴുകാരൻ മദ്യലഹരിയിൽ ഓടിച്ച ആഡംബരക്കാറിടിച്ച് രണ്ട് ഐടി ജീവനക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ അമ്മ ശിവാനി അഗർവാളിനെ പൊലീസ് അറസ്‌റ്റ് ചെയ്തു. പ്രതി മദ്യപിച്ചിട്ടില്ലെന്നു വരുത്തിത്തീർക്കാൻ പ്രതിയുടെ രക്തതസാംപിളിനു പകരം തന്റെ രക്തം പരിശോധനയ്ക്കായി നൽകിയ കേസിലാണ് അറസ്റ്റെന്ന് പുണെ പൊലീസ് കമ്മിഷണർ അമൃതേഷ് കുമാർ പറഞ്ഞു. ആദ്യം കൗമാരക്കാരന്റേത് എന്ന നിലയിൽ പരിശോധിച്ച രക്തം ശിവാനി അഗർവാളിന്റേതാണെന്നു കണ്ടെത്തിയിരുന്നു. അപകടം നടന്ന സമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ രകസാംപിളും മാറ്റിയെന്ന ആരോപണവും ഉയരുന്നുണ്ട്.
പതിനേഴുകാരനെ ചോദ്യം ചെയ്യാൻ പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ അനുമതി തേടി. പ്രായപൂർത്തിയാകാത്ത കുട്ടികളെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യണമെന്നാണ് ചട്ടം. അപകട ദിവസം പതിനേഴുകാരൻ മദ്യപിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്ന 2 സുഹൃത്തുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
നേരത്തെ അറസ്‌റ്റിലായ പിതാവ് വിശാൽ അഗർവാളും മുത്തച്ഛൻ സുരേന്ദ്ര അഗർവാളും ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം നൽകിയതിനാണ് പിതാവ് അറസ്‌റ്റിലായത്. അപകടം നടന്നതിന് പിന്നാലെ കുടുംബ ഡ്രൈവറെ കുറ്റം ഏറ്റെടുക്കാൻ ഭീഷണിപ്പെടുത്തിയതിന്റെ പേരിലാണ് സുരേന്ദ്ര അഗർവാൾ പിടിയിലായത്. ഈ കേസിലും പിതാവ് പ്രതിയാണ്.
ജുവനൈൽ ജസ്‌റ്റിസ് ബോർഡ് പതിനേഴുകാരന് ദുർബലവ്യവസ്‌ഥകളോടെ ജാമ്യം നൽകിയ വിഷയത്തിൽ വനിതാ ശിശുക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. അടുത്തയാഴ്ച റിപ്പോർട്ട് സമർപ്പിക്കും. മേയ് 19 ന് രാത്രിയിൽ ഉണ്ടായ അപകടം കാറോട്ട മത്സരത്തെത്തുടർന്നാണെന്ന ആരോപണവുമായി കോൺഗ്രസും രംഗത്തുണ്ട്.


