മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ. ധർമടത്താണ് മുഖ്യമന്ത്രിക്കെതിരെ പെൺകുട്ടികളുടെ അമ്മ മൽസരിക്കുന്നത്. തൃശൂരിൽ വെച്ചായിരുന്നു പ്രഖ്യാപനം.
വാളയാറിൽ സഹോദരിമാർ പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിന്റെ അന്വേഷണം അട്ടിമറിച്ച പൊലീസ് ഓഫിസർമാർക്കെതിരെ നടപടിയെടുക്കാത്ത സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാസം കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്മ ജനുവരി 26 മുതൽ പാലക്കാട് വഴിയോരത്ത് സത്യഗ്രഹ സമരം നടത്തുകയാണ്.
കേരള യാത്ര ധർമ്മടത്തെത്തിയപ്പോൾ സ്വീകരിക്കാൻ കുറേ അമ്മമാർ എത്തിയിരുന്നുവെന്നും അവർക്ക് താൻ ഒരു കത്ത് നൽകിയെന്നും അമ്മ പറഞ്ഞു. ധർമ്മടത്ത് വോട്ട് തേടിയെത്തുന്ന മുഖ്യമന്ത്രിയോട് തന്റെ മക്കൾക്ക് നീതി തേടി തലമുണ്ഡനം ചെയ്ത ഒരമ്മ ഇവിടെ വന്നിരുന്നുവെന്ന് പറയണമെന്നാണ് ആവശ്യപ്പെട്ടത്. തനിക്ക് നീതി നൽകിയോ എന്ന് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോൽ നിരവധി അമ്മമാർ തന്നെ വിളിച്ചു. ഇക്കാര്യം എന്തുകൊണ്ട് നേരിട്ട് ചോദിച്ചുകൂട എന്ന് അവർ തന്നോട് ചോദിച്ചു. സമരസമിതിയുമായി ആലോചിച്ച ശേഷം മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി.


