മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായാണ് ഓ രാജഗോപാൽ ഇങ്ങനെ പറഞ്ഞത്. ‘നല്ലത് കണ്ടാൽ അഭിനന്ദിക്കണം. അതാണ് സത്യസന്ധത. രാഷ്ട്രീയക്കാരനാകുമ്പോൾ കള്ളമാണ് പറയേണ്ടത് എന്നൊന്നുമില്ല. മുഖ്യമന്ത്രി പിണറായി വിജയന് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അറിയാം. അദ്ദേഹം കുറച്ചേ സംസാരിക്കൂ. എന്നാൽ ലക്ഷ്യം നിറവേറ്റും. അദ്ദേഹത്തിന്റെ മേന്മകൾ നിഷേധിക്കാനാവില്ല’. സത്യം അംഗീകരിച്ചേ മതിയാകൂ. വി.എസ് അച്യുതാനന്ദനെക്കുറിച്ച് ഇതേ അഭിപ്രായമില്ല. ഇടതുമുന്നണിക്കാണ് ഇത്തവത്തെ തെരഞ്ഞെടുപ്പിൽ മുൻതൂക്കം ലഭിക്കുക. പിണറായി വിജയൻ ഭരണത്തിൽ വരണമെന്ന ചിന്തയാണ് ചിലർക്കുള്ളതെന്നും ഒ.രാജഗോപാൽ പറഞ്ഞു.
സംസ്ഥാനത്ത് 90 ശതമാനമാണ് സാക്ഷരത. കേരളത്തിലെ ജനങ്ങൾ ചിന്തിക്കുന്നവരും സംവാദങ്ങളിൽ ഏർപ്പെടുന്നവരുമാണ്. ഇത് വിദ്യാസമ്പന്നരായവരുടെ സ്വഭാവമാണെന്നും രാജഗോപാൽ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. കേരള രാഷ്ട്രീയത്തിൽ ബിജെപിക്ക് ഇടം നേടാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനാണ് അദ്ദേഹം ഇങ്ങനെ മറുപടി നൽകിയത്.
രാജഗോപാൽ പറഞ്ഞത് ഇങ്ങനെ: കേരളം പ്രത്യേകതയുള്ള സംസ്ഥാനമാണ്. ഇവിടെ രണ്ടു മൂന്നു വലിയ ഘടകങ്ങളുണ്ട്. 90 ശതമാനമാണ് ഇവിടെ സാക്ഷരത. അവർ ചിന്തിക്കുന്നവരാണ്. അവർ സംവാദത്തിൽ ഏർപ്പെടുന്നു. ഇത് വിദ്യാസമ്പന്നരായ ജനങ്ങളുടെ സ്വഭാവമാണ്. ഇത് ഒരു കാര്യം. രണ്ടാമത്തെ പ്രത്യേകത, സംസ്ഥാനത്ത് 55 ശതമാനം ഹിന്ദുക്കളും 45 ശതമാനം ന്യൂനപക്ഷങ്ങളുമാണ്. അതുകൊണ്ടു തന്നെ ആ വശം ഓരോ കണക്കുകൂട്ടലിലും വരുന്നുണ്ട്. അതു കൊണ്ടാണ് കേരളത്തെ മറ്റു സംസ്ഥാനങ്ങളോട് താരതമ്യം ചെയ്യാൻ കഴിയാത്തത്. ഇവിടെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. എന്നാൽ ഞങ്ങൾ പതിയെ, ക്രമാനുഗതമായി വളർച്ച കൈവരിക്കുന്നുണ്ട്.’
നേമത്ത് കുമ്മനം രാജശേഖരൻ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ മുരളീധരൻ വന്നതോടെ മണ്ഡലത്തിൽ ത്രികോണ മത്സരമായിരിക്കും. എന്നാൽ ദേശീയ തലത്തിലും സംസ്ഥാനതലത്തിലും കോൺഗ്രസിന്റെ പ്രതിച്ഛായ ദുർബലമായിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യപരമായ കാരണങ്ങളാലാണ് ഇത്തവണ മത്സരിക്കാത്തത്. എന്നാൽ കുമ്മനത്തിന്റെ വിജയത്തിനായി പ്രചരണ രംഗത്ത് സജീവമായുണ്ടെന്നും അദ്ദേഹം പറഞ്ഞു.


