പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി പ്രസംഗം നടത്തിയ മന്ത്രിയെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് ഡിഎംകെ സർക്കാരിനെതിരെ ബിജെപി. താൻ മന്ത്രിയല്ലായിരുന്നെങ്കിൽ നരേന്ദ്ര മോദിയെ വെട്ടി കഷ്ണങ്ങളാക്കിയേനെ എന്ന് ഡിഎംകെ മന്ത്രി ടി.എൻ.അൻപരശൻ പറയുന്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രധാനമന്ത്രിക്കെതിരെ ഭീഷണി മുഴക്കിയ മന്ത്രിയെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സംരക്ഷിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം. മന്ത്രിയെ എത്രയും പെട്ടെന്ന് പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

“നമ്മൾ നിരവധി പ്രധാനമന്ത്രിമാരെ കണ്ടിട്ടുണ്ട്. എന്നാൽ ഇത തരംതാണ് സംസാരിക്കുന്ന ഒരു പ്രധാനമന്ത്രിയെ ആദ്യമായാണ് കാണുന്നത്. അദ്ദേഹം പറയുന്നത് നമ്മളെയെല്ലാം നശിപ്പിക്കുമെന്നാണ്. ഒരു കാര്യം പറയാം. ഡിഎംകെ എന്നത് ഒരു സാധാരണ സംഘടനയല്ല. അത് ഒരുപാടു പേരുടെ കഷ്ടപ്പാടിലും രക്തത്തിലും പടുത്തുയർത്തിയ സംഘടനയാണ്. ഡിഎംകെയെ തകർക്കുമെന്ന് പറയുന്നവർ തന്നെയാണ് നശിക്കുക. ഞാൻ ഒരു മന്ത്രിയായതിനാലാണ് ഇത്ര മയത്തിൽ കാര്യങ്ങൾ പറയുന്നത്. മന്ത്രി അല്ലായിരുന്നെങ്കിൽ പ്രധാനമന്ത്രിയെ വെട്ടി കഷ്ണങ്ങളാക്കിയേനെ”- ഇതായിരുന്നു അൻപരശന്റെ പ്രസംഗം.

തമിഴ്നാട്ടിലെ തിരുപ്പൂരിൽ നരേന്ദ്ര മോദിയുടെ റോഡ്ഷോ കഴിഞ്ഞ് ഒരാഴ്ച്ച പിന്നിടുമ്പോഴാണ് അൻപരശൻ്റെ വിവാദമായ പ്രസംഗം. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തുവന്നു. തമിഴ് നാട്ടിൽ ഭരണവിരുദ്ധ വികാരം വർധിക്കുന്നതിലെ അസ്വസ്ഥത മൂലമാണ് ഡിഎംകെ മന്ത്രി ഇത്തരത്തിൽ പ്രതികരണം നടത്തിയതെന്നാണ് ബിജെപി സംസ്ഥഥാന അധ്യക്ഷൻ കെ.അണ്ണാമലൈ പ്രതികരിച്ചത്.

ഡിഎംകെ മന്ത്രിയുടെ പ്രസംഗത്തിലൂടെ ഇന്ത്യ മുന്നണിയുടെ ലക്ഷ്യം വ്യക്തമായെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയും പ്രതികരിച്ചു. സതാനത ധർമത്തെയും അതിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നവരെയും ഇല്ലായ്മ ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.



