ഡെങ്കിപ്പനി നമ്മുടെ നാട്ടിൽ എത്രമാത്രം വ്യാപകമാണെന്ന് ഏവർക്കുമറിയാം. ഓരോ സീസണിലും ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണിപ്പോൾ. മാലിന്യം, വൃത്തിഹീനമായ നഗരാന്തരീക്ഷങ്ങൾ അനാരോഗ്യകരമായ ജീവിതരീതികൾ എല്ലാം ഡെങ്കിപ്പനി അടക്കമുള്ള സീസണൽ രോഗങ്ങൾ വർധിപ്പിക്കുന്നു.
ഡെങ്കിപ്പനിയാണെങ്കിൽ ശ്രദ്ധിച്ചില്ലെങ്കിൽ അത് ജീവന് വരെ ആപത്താണ്. ഇനി, അപകടകരമാകുംവിധത്തിലേക്ക് എത്തിയില്ലെങ്കിൽ പോലും ഡെങ്കിപ്പനി ആരോഗ്യത്തിനുമേൽ ഉണ്ടാക്കുന്ന ആഘാതം ചെറുതല്ല.

പക്ഷേ ഇതുവരെയായിട്ടും ഡെങ്കിപ്പനിക്ക് പ്രത്യേകമായി ചികിത്സയോ മരുന്നോ ഒന്നും ലഭ്യമല്ലായിരുന്നു. ഡെങ്കിപ്പനി പ്രതിരോധത്തിനും മരുന്നില്ല. ഇപ്പോഴിതാ ചരിത്രത്തിലാദ്യമായി ഡെങ്കിപ്പനിക്കെതിരായി ഒരു മരുന്ന് കണ്ടെത്തപ്പെട്ടിരിക്കുകയാണ്. ‘ജോൺസൺ ആന്റ് ജോൺസൺ’ ആണ് ഡെങ്കിപ്പനിക്കുള്ള ഗുളിക കണ്ടെത്തിയിരിക്കുന്നത്.
ഇത് പരീക്ഷണഘട്ടത്തിലാണ് നിലവിൽ. മനുഷ്യരിൽ നടത്തിനോക്കിയ ഒരു പരീക്ഷണം വിജയകരമായിരിക്കുകയാണിപ്പോൾ. ഇതോടെയാണ് സംഭവം വാർത്തകളിലും ഇടം നേടിയിരിക്കുന്നത്. ഡെങ്കു വൈറസ് കുത്തിവയ്ക്കുന്നതിന് അഞ്ച് ദിവസങ്ങൾക്ക് മുമ്പ് മുതലാണ് പരീക്ഷണത്തിൽ പങ്കെടുത്ത വളണ്ടിയർമാർ ഗുളിക കഴിച്ചുതുടങ്ങിയത്. 21 ദിവസത്തോളം ഗുളികയെടുത്തു.
പരീക്ഷണത്തിൽ പങ്കെടുത്ത പത്ത് വളണ്ടിയർമാരിൽ ആറ് പേരിലും ഡെങ്കു വൈറസിന്റെ യാതൊരു പ്രശ്നവും കണ്ടെത്തിയില്ലത്രേ. അടുത്ത 85 ദിവസവും ഇവർ നിരീക്ഷണത്തിലായിരുന്നു. ഇതിനിടയിലും ഡെങ്കു വൈറസിന്റെ ആക്രമണം ഇവരുടെ ശരീരത്തിലുണ്ടായില്ല. ഇതിനർത്ഥം നൽകിയ ഗുളിക ഫലവത്തായി വൈറസിനെ പ്രതിരോധിച്ചു എന്നതാണല്ലോ.

ഈ ചരിത്രപരമായ വിജയം ഡെങ്കു പ്രതിരോധപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വലിയ പ്രതീക്ഷയാണ് പങ്കുവയ്ക്കുന്നത്. ഇനി കൂടുതൽ പരീക്ഷണഘട്ടങ്ങളിലേക്ക് ഗുളികയെ എത്തിക്കുകയാണ് ഇതിന്റെ നിർമ്മാതാക്കൾ. അതിനുള്ള പ്രവർത്തനങ്ങളിലാണ് ഗവേഷകരും. മുഴുവൻ പരീക്ഷണഘട്ടങ്ങളും വിജയകരമായി പൂർത്തിയായാൽ, മരുന്ന് വിപണിയിലെത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം. അങ്ങനെയെങ്കിൽ ഡെങ്കു എന്ന വിപത്തുയർത്തുന്ന ഭീഷണിയും പത്തി മടക്കുമെന്ന് കരുതാം.


