മുൻനിര ചിപ്പ് നിർമാതാക്കളായ എൻവിഡിയയുടെ പിന്തുണയിൽ പ്രവർത്തിക്കുന്ന എഐ സ്റ്റാർട്ടപ്പ് പെർപ്ലെക്‌സിറ്റി ‘കോമറ്റ്’ എന്ന പേരിൽ പുതിയ എഐ വെബ് ബ്രൗസർ അവതരിപ്പിച്ചു. കോമറ്റ് എന്ന പേരിൽ തന്നെ പെർപ്ലെക്‌സിറ്റി നേരത്തെ സെർച്ച് എഞ്ചിനും പുറത്തിറക്കിയിരുന്നു. കോമറ്റ് എഐ സെർച്ച് എഞ്ചിൻ അടിസ്ഥാനമാക്കിയാണ് ബ്രൗസർ ഒരുക്കിയിരിക്കുന്നത് ജോലിയുടെ ഭാഗമായും ഗവേഷണ ആവശ്യങ്ങൾക്കുമുൾപ്പടെ ഇൻ്റർനെറ്റിനെ ആശ്രയിക്കുന്നവർക്ക് വേണ്ടിയാണ് ഇത് രൂപകൽപന ചെയ്‌തിരിക്കുന്നത്.

എഐ അധിഷ്ഠിതമായ നിരവധി സൗകര്യങ്ങളാണ് കോമറ്റ് ബ്രൗസറിൽ ലഭിക്കുക. മീറ്റിങ് ബുക്ക് ചെയ്യാനും ഇമെയിൽ അയക്കാനുമെല്ലാം കോമറ്റിനോട് ആവശ്യപ്പെടാനാവും. വിവിധ ജോലികൾ ഓട്ടോമേറ്റ് ചെയ്യുന്നതിനായി ‘കോമറ്റ് അസിസ്റ്റന്റ്’ എന്ന പേരിൽ പുതിയ ഫീച്ചർ പെർപ്ലെക്‌സിറ്റി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇമെയിലുകളുടെ സംഗ്രഹം തയ്യാറാക്കുക, കലണ്ടർ ഇവൻ്റുകളുടെ ചുരുക്കം തയ്യാറാക്കുക, ടാബുകൾ മാനേജ് ചെയ്യുക, ഉപഭോക്താവിന് വേണ്ടി വിവിധ വെബ് പേജുകൾ സന്ദർശിക്കുക തുടങ്ങി വിവിധ ജോലികൾ ഈ അസിസ്റ്റന്റിനെ ഏൽപിക്കാം.

മറ്റ് വെബ്സൈറ്റുകളിൽ നിന്ന് വ്യത്യസ്‌തമായി ടാബുകൾക്ക് പകരം എല്ലാ വിവരങ്ങളും ലഭിക്കുന്ന ഒരു വർക്ക് സ്പേസ് ആണ് പെർപ്ലെക്‌സിറ്റി കൊമറ്റ് ബ്രൗസറിൽ ഒരുക്കിയിരിക്കുന്നത്. ഉപഭോക്താവിൻ്റെ സെർച്ച് ബിഹേവിയർ ബ്രൗസർ ട്രാക്ക് ചെയ്യുകയും പിന്നീട് അവർക്ക് അനുയോജ്യമായ സജഷനുകൾ നൽകുകയും ചെയ്യും.
നിലവിൽ ഇൻവൈറ്റ് ലഭിക്കുന്നവർക്ക് മാത്രമാണ് ബ്രൗസർ ലഭിക്കുക. താത്പര്യമുള്ളവർക്ക് വെറ്റ്ലിസ്റ്റിൽ രജിസ്റ്റർ ചെയ്യാം. പെർപ്ലെക്‌സിറ്റിയുടെ എതിരാളിയായ ഓപ്പൺ എഐയും ആഴ്‌ചകൾക്കുള്ളിൽ എഐ ബ്രൗസർ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.


