കേരളത്തിന് ഈ അധ്യയന വർഷം 150 മെഡിക്കൽ സീറ്റുകൾ കൂടി കിട്ടിയേക്കും. പാലക്കാട് വാളയാറിൽ ഇക്കൊല്ലം തുടങ്ങാനിരുന്ന പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് 150 എം.ബി.ബി.എസ്. സീറ്റിനുള്ള എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകണമെന്ന ഹൈക്കോടതി വിധിക്കെതിരായ ഹർജി സുപ്രീം കോടതി തള്ളി. സംസ്ഥാന സർക്കാരിൻ്റെ ഹർജിയാണ് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

നാഷണൽ മെഡിക്കൽ കമ്മിഷനും ആരോഗ്യസർവകലാശാലയും 150 സീറ്റിന് അനുമതിനൽകിയെങ്കിലും 100 സീറ്റ് മാത്രമേ അനുവദിക്കാനാവൂ എന്നായിരുന്നു സംസ്ഥാന സർക്കാരിൻ്റെ നിലപാട്. എന്നാൽ, ഈ നിലപാട് അംഗീകരിക്കാൻ സുപ്രീംകോടതി തയ്യാറായില്ല. മെഡിക്കൽ കമ്മിഷനു കീഴിലെ മെഡിക്കൽ അസസ്മെന്റ്റ് ആൻഡ് റേറ്റിങ് ബോർഡ് 150 സീറ്റിന് അനുമതി നൽകിയിരിക്കെ 100 സീറ്റിൽമാത്രം പ്രവേശനം നടത്താനാകില്ലെന്ന നിലപാടാണ് കോളേജ് സ്വീകരിച്ചത്. ഹൈക്കോടതി ഈ കോളേജിന് 150 സീറ്റിലേക്കുള്ള എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകണമെന്ന ഉത്തരവിടുകയും ചെയിരുന്നു.
ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. പിഴ ഇടുമെന്ന മുന്നറിയോപ്പോടെയാണ് ഹർജി തള്ളിയത്. കോളേജ് മാനേജ്മെന്റിന് വേണ്ടി സീനിയർ അഭിഭാഷകൻ ദേവദത്ത് കാമത്ത്, അഭിഭാഷകൻ പി.എസ് സുൽഫിക്കർ എന്നിവർ ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജ്, സ്റ്റാന്റിങ് കോൺസൽ സി.കെ ശശി എന്നിവർ ഹാജരായി.

കെ.കെ. ശൈലജ ആരോഗ്യമന്ത്രി ആയിരുന്നപ്പോൾ പരിശോധനപോലും നടത്താതെ മറ്റൊരു സ്വകാര്യ മെഡിക്കൽ കോളേജിന് എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകിയിരുന്നുവെന്ന് ആരോപിച്ച് മെഡിക്കൽ കോളേജിന്റെ ഉടമകളായ വി.എൻ. പബ്ലിക് ആൻഡ് എഡ്യൂക്കേഷണൽ ട്രസ്റ്റ് നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, അക്കാലത്ത് കോടതിയിൽനിന്ന് അനുകൂല വിധി കോളേജിന് ലഭിച്ചിരുന്നില്ല.


