നിലമ്പൂരിൽ കെ കരുണാകരൻ്റെ ചിത്രം വച്ച് ബിജെപി ഫ്ലക്‌സ് ബോർഡ്. നരേന്ദ്ര മോദിയുടെയും പത്മജ വേണുഗോപാലിന്റെയും ചിത്രത്തിനൊപ്പമാണ് കെ കരുണാകരൻ്റെ ചിത്രവും വന്നിരിക്കുന്നത്. പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് വന്നതിന് പിന്നാലെയാണ് ബിജെപി ഫ്ലക്‌സിൽ കരുണാകരനെയും ഉൾപ്പെടുത്തിയിരിക്കുന്നത്.

പത്മജ ബിജെപിയിലേക്ക് പോയ പശ്ചാത്തലത്തിൽ കരുണാകരനെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കരുത്, അത് അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതാക്കൾ നേരത്തേ താക്കീത് ചെയ്‌തിരുന്നു. എന്നാൽ നേതാക്കൾ ആശങ്കപ്പെട്ടത് തന്നെ സംഭവിച്ചിരിക്കുകയാണ്.

ബിജെപി നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ബോർഡിനെതിരെ യൂത്ത് കോൺഗ്രസ് നിലമ്പൂർ പൊലീസിന് പരാതി നൽകിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ തന്നെ ഫ്ലക്സ് ബോർഡ് വലിച്ചുകീറി. പ്രവർത്തകർ പ്രകടനവുമായി എത്തിയാണ് ബോർഡ് നശിപ്പിച്ചത്.




