ഗൾഫ് ഏകീകൃത ടൂറിസ്റ്റ് വിസയുടെ നിരക്കുകൾ ഉടൻ പ്രഖ്യാപിക്കും. സൗദി അറേബ്യ, യു.എ.ഇ., കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങൾ ഒറ്റവിസയിൽ സന്ദർശിക്കാനുള്ള സൗകര്യമാണ് ഏകീകൃത വിസയിലൂടെ ഒരുങ്ങുന്നത്. ഡിസംബറിൽ ഇതുസംബന്ധിച്ചുള്ള നിരക്കുകൾ പ്രഖ്യാപിക്കും.

ഒറ്റവിസകൊണ്ട് ടൂറിസ്റ്റുകൾക്ക് ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാനുള്ള അവസരം ഉടനുണ്ടാകുമെന്ന് യു.എ.ഇ. സാമ്പത്തികകാര്യമന്ത്രി അബ്ദുല്ല ബിൻ തൗഖും അറിയിച്ചിരുന്നു. യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഏകീകൃത വിസയായ ഷെങ്കൻ വിസ മാതൃകയിലാണ് ഈ സംവിധാനവും ഒരുങ്ങുന്നത്.

പുതിയ ടൂറിസ്റ്റ് വിസപ്രകാരം ഗൾഫ് രാജ്യങ്ങളിലെ സ്വദേശി പൗരന്മാർക്കും വിദേശികൾക്കും സ്വതന്ത്രമായി ആറ് ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്താം. ആറ് രാജ്യങ്ങളും ടൂറിസം മേഖലയിൽ കൂടുതൽ കാര്യങ്ങളിൽ സഹകരിക്കും. വിസ നിലവിൽവരുന്നതോടെ ട്രാൻസിറ്റ് വിസ ആവശ്യമുണ്ടാകില്ല.


