ഉപതിരഞ്ഞെടുപ്പിനായി നിലമ്പൂരിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. പ്രധാന മുന്നണി സ്ഥാനാർഥികളടക്കം പത്ത് പേരാണ് മത്സര രംഗത്തുള്ളത്. മൂന്നാഴ്ചയിലേറെ സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വം ഒന്നടങ്കം തമ്പടിച്ച് നടത്തിയ പ്രചാരണങ്ങൾക്കൊടുവിലാണ് രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വോട്ടർമാരെ ബൂത്തിലെത്തിക്കാനും ഓരോ വോട്ടും അനുകൂലമാക്കാനുമുള്ള അവസാനഘട്ട ഓട്ടത്തിലാണ് പാർട്ടി പ്രവർത്തകരും നേതാക്കളും.

പോളിങ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രമായി പ്രവർത്തിക്കുന്ന ചുങ്കത്തറ മാർത്തോമാ ഹയർസെക്കണ്ടറി സ്കൂളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോളിങ് സാമഗ്രികൾ ഏറ്റുവാങ്ങി. വ്യാഴാഴ്ച പുലർച്ചെ 5 :30ന് മോക് പോൾ ആരംഭിക്കും. രാവിലെ ഏഴു മുതൽ വൈകിട്ട് 6 വരെയാണ് പോളിംഗ്.

ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേർക്കുള്ള വോട്ടെടുപ്പ് ജൂൺ 16 നു പൂർത്തിയായിയായിരുന്നു. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകൾ ഉൾപ്പെടെ ആകെ 263 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. റിസർവ് ഉൾപ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും വോട്ടെടുപ്പിനായി ഉപയോഗിക്കും.

ആദിവാസി മേഖലകൾ മാത്രം ഉൾപ്പെടുന്ന, വനത്തിനുള്ളിൽ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പുഞ്ചക്കൊല്ലി മോഡൽ പ്രീ സ്കൂളിലെ 42-ാം നമ്പർ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ 120-ാം നമ്പർ ബൂത്ത്, നെടുങ്കയം അമിനിറ്റി സെൻ്റർ 225-ാം നമ്പർ ബൂത്ത് എന്നിവയാണവ. ഏഴു മേഖലകളിലായി 11 പ്രശ്ന സാധ്യതാ ബൂത്തുകളുണ്ട്. വനത്തിലുള്ള മൂന്ന് ബൂത്തുകൾ ഉൾപ്പെടെ 14 ക്രിട്ടിക്കൽ ബൂത്തുകളിൽ വൻ സുരക്ഷാ സംവിധാമൊരുക്കിയിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിംഗ് നടത്തും.



