ഉത്സവത്തിന് കൂടുതൽ ആനകളെ വിട്ടുനൽകാൻ ദേവസ്വം ബോർഡ് തയ്യാറാകാത്ത ദേവസ്വം ബോർഡിൻ്റെ നടപടിയ്ക്കെതിരെ പ്രതിഷേധവുമായി ഭക്തർ. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിനാണ് ആനകളെ വിട്ടുനൽകാൻ ദേവസ്വം ബോർഡ് വിമുഖത കാണിക്കുന്നത്. ചരിത്രപ്രസിദ്ധമായ ചിത്തിര ഉത്സവത്തിന് വിഷുദിനത്തിലാണ് കൊടിയേറുക.

കൊടിയേറ്റ് മുതൽ ആറാട്ട് വരെയുള്ള 37 ക്ഷേത്ര ചടങ്ങുകൾക്ക് ഒമ്പത് ആനകളെയാണ് എഴുന്നള്ളിക്കുക. മുൻവർഷങ്ങളിൽ നാല് ആനകളെ ദേവസ്വം ബോർഡ് വിട്ടുനൽകിയിരുന്നു. ബാക്കി ആനകളുടേയും ഉത്സവത്തിന്റേയും ചെലവ് ഭക്തജനങ്ങളിൽ നിന്ന് പിരിവെടുത്താണ് കണ്ടെത്തിയിരുന്നത്.

എന്നാൽ ഇത്തവണ ഒരാനയെ മാത്രമേ വിട്ടുനൽകാൻ കഴിയൂ എന്നാണ് ദേവസ്വം ബോർഡിൻ്റെ നിലപാട്. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരെ കണ്ട് കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്ന് ഉപദേശകസമിതി പറയുന്നു.

രണ്ട് ദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ ഭക്തജനങ്ങളുടെ പൊതുയോഗം വിളിച്ചുചേർത്ത് ഉപദേശകസമിതി രാജിവെക്കുമെന്നും ഉത്സവം ദേവസ്വം ബോർഡ് ഏറ്റെടുത്ത് നടത്തണമെന്നും സമിതി ഭാരവാഹികൾ പറയുന്നു. ക്ഷേത്രത്തിൽ സ്ഥിരം ദേവസ്വം മാനേജർ ഇല്ലാത്തതാണ് ഉത്സവം നടത്തിപ്പിന് ബുദ്ധിമുട്ട് നേരിടാൻ കാരണമെന്നും പരാതിയുണ്ട്.



