മേജർ സോക്കർ ലീഗിൽ ഗോൾവേട്ട തുടർന്ന് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. മെസ്സിയുടെ ഇരട്ട ഗോൾ മികവിൽ നാഷ് വില്ലയെ ഇന്റർ മയാമി പരാജയപ്പെടുത്തി. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് മയാമിയുടെ ജയം. തുടർച്ചയായ അഞ്ചാം എംഎൽഎസ് മത്സരത്തിലാണ് മെസ്സി ഗോൾ നേടുന്നത്.
17-ാം മിനിറ്റിലാണ് മെസ്സി ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. പെനാൽറ്റി ബോക്സിന് പുറത്തുവെച്ച് ലഭിച്ച ഫ്രീകിക്ക് വലയിലാക്കിയ മെസ്സി മയാമിയെ മുന്നിലെത്തിച്ചു. എന്നാൽ, രണ്ടാം പകുതിയുടെ തുടക്കത്തിൽ നാഷ് വില്ലയുടെ തിരിച്ചടിയെത്തി. 49-ാം മിനിറ്റിൽ ഹാനി മുക്തറാണ് ടീമിനായി സമനിലഗോൾ കണ്ടെത്തിയത്. എന്നാൽ, മുന്നേറ്റം തുടർന്ന മെസ്സിയും സംഘവും 62-ാം മിനിറ്റിൽ വിജയഗോളും നേടി. നാഷ് വില്ലെ ഗോളിയുടെ പിഴവ് മുതലെടുത്ത് മെസ്സി രണ്ടാം തവണയും ലക്ഷ്യംകണ്ടു.

തുടർച്ചയായ അഞ്ചാം എംഎൽഎസ് മത്സരത്തിലും ഇരട്ടഗോൾ നേടിയ മെസ്സി ചരിത്രനേട്ടമാണ് സ്വന്തമാക്കിയത്. തുടർച്ചയായി അഞ്ച് മത്സരങ്ങളിലും ഇരട്ടഗോൾ നേടുന്ന ആദ്യ എംഎൽഎസ് താരമാണ് മെസ്സി. മൊൺട്രിയൽ, കൊളംബസ് ക്ലബ്ബുകൾക്കെതിരേയാണ് നേരത്തേ മെസ്സി ഡബിളടിച്ചത്. ഫിഫ ക്ലബ് ലോകകപ്പിന് ശേഷം ലീഗ് മത്സരം പുനരാരംഭിച്ചപ്പോഴും അർജന്റീന നായകൻ ഗോളടി തുടർന്നു. കഴിഞ്ഞ മത്സരത്തിൽ ന്യൂ ഇംഗ്ലണ്ട് റെവല്യൂഷനെതിരേയും മെസ്സി ഇരട്ടഗോളുകൾ നേടിയിരുന്നു.
ലീഗിൽ ഈസ്റ്റേൺ കോൺഫറൻസ് വിഭാഗത്തിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് ഇൻ്റർ മയാമി. 19 മത്സരങ്ങളിൽ നിന്ന് 11 ജയവും മൂന്ന് തോൽവിയും അഞ്ച് സമനിലയുമടക്കം 38 പോയന്റ്റാണ് ടീമിനുള്ളത്.



