കുറ്റകൃത്യങ്ങളെ സംബന്ധിച്ച വിവരങ്ങൾ വ്യക്തിവിവരം വെളിപ്പെടുത്താതെ തന്നെ പോലീസിനെ അറിയിക്കാൻ കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പിൽ സൗകര്യമൊരുക്കി. ബുധനാഴ്ച ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് കേരളാപോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. പോൽ ആപ്പിൽ അപ്ഡേഷനും നടത്തിയിട്ടുണ്ട്.

പോൽ ആപ്പിലെ സർവീസ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്തശേഷം വിവരം അജ്ഞാതനെന്ന നിലയ്ക്ക് കൈമാറുക (Share anonymously) എന്ന ഐക്കൺ ക്ലിക്ക് ചെയ്ത് രഹസ്യവിവരം പോലീസിന് കൈമാറാം. കുറ്റകൃത്യം നടന്ന സ്ഥലം, തീയതി, ലഘുവിവരണം എന്നിവ ചിത്രങ്ങളടക്കം ആപ്പ് മുഖേന നൽകാം.

പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പ് ഇതുവരെ 7,01,000-ല്പരം ആൻഡ്രോയ്ഡ് ഉപഭോക്താക്കൾ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. 64,515 ഐഫോൺ ഉപഭോക്താക്കളും ഈ മൊബൈൽ ആപ്പ് ഉപയോഗിക്കുന്നുണ്ട്. വ്യക്തിവിവരങ്ങൾ അറിയിക്കേണ്ടതില്ലെന്ന നിബന്ധനയുണ്ടെങ്കിൽ പ്രാദേശികമായ നിയമലംഘനങ്ങൾ പൊതുജനങ്ങൾ വഴി ആപ്പിലൂടെ അറിയാനാകുമെന്നാണ് പോലീസിൻ്റെ കണക്കുകൂട്ടൽ.




