ഇസ്രയേലുമായുള്ള സംഘർഷത്തിൽ അമേരിക്കയുടെ ഇടപെടൽ എല്ലാവർക്കും വളരെ അപകടംപിടിച്ചതായിരിക്കുമെന്ന് വീണ്ടും മുന്നറിയിപ്പുമായി ഇറാൻ. ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ ആദ്യം ദിവസം മുതൽ അമേരിക്ക പങ്കാളിയായിരുന്നുവെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ആരോപിച്ചു.
ആക്രമണം അവസാനിക്കുകയും ഇസ്രയേലിനെ അവർ ചെയ്ത കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദിയാക്കുകയും ചെയ്‌താൽ ഇറാൻ നയതന്ത്രം പരിഗണിക്കാൻ തയ്യാറാണെന്നും അരാഗ്‌ചി വ്യക്തമാക്കുകയുണ്ടായി. എന്നാൽ അമേരിക്ക യുദ്ധത്തിൽ ഇടപെട്ടാൽ അത് വളരെ വളരെ അപകടകരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാൻ വിദേശകാര്യ മന്ത്രി തുർക്കിയിലെ ഇസ്‌താംബൂളിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് അമേരിക്കയുടെ ഇടപെടൽ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞ ദിവസം അദ്ദേഹം യൂറോപ്യൻ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.

അമേരിക്കയുമായുള്ള ആണവ ചർച്ചകൾക്ക് തൊട്ടുമുമ്പ് ഇസ്രായേൽ ഇറാനുമേൽ നടത്തിയ ആക്രമണങ്ങൾ ‘ചർച്ചകൾ അട്ടിമറിക്കാൻ’ ലക്ഷ്യമിട്ടുള്ളതാണെന്ന് തുർക്കി പ്രസിഡൻ്റ് രജബ് തയ്യിപ് ഉർദുഗാൻ പറഞ്ഞു. പശ്ചിമേഷ്യയെ പൂർണ്ണമായും സംഘർഷത്തിലേക്ക് തള്ളിവിടാനാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശ്രമിക്കുന്നതെന്നും തുർക്കി പ്രസിഡന്റ് ആരോപിച്ചു.

ഇതിനിടെ ഇസ്രയേലിൻ്റെ ആക്രമണത്തിൽ ഇറാനിൽ 430 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് രാജ്യത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലിൽ 25 പേർ കൊല്ലപ്പെടുകയും 2517 ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തതായാണ് ഇസ്രയേൽ പ്രതിരോധ സേന നൽകുന്ന കണക്ക്.



