അന്യഗ്രഹത്തിൽ ജലതന്മാത്രകൾ കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞർ. ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ചുള്ള പഠനത്തിലാണ് കണ്ടെത്തൽ. ജിജെ 9827ഡി എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രഹം ഭൂമിയിൽ നിന്ന് 97 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്.

ഭൂമിയുടെ ഇരട്ടി വ്യാസമുള്ള ഈ ഗ്രഹം അന്തരീക്ഷത്തിൽ ജലബാഷ്പം ഉള്ളതായി കണ്ടെത്തിയ ഏറ്റവും ചെറിയ അന്യഗ്രഹമാണെന്ന് പഠനം പറയുന്നു.

ജലം ജീവന് അത്യാവശ്യമാണെങ്കിലും ഈ ഗ്രഹത്തിൽ ജീവൻ നിലനിൽക്കാനുള്ള സാഹചര്യം ഒട്ടും തന്നെയില്ല. ജലസമൃദ്ധമായ അന്തരീക്ഷത്തെ ചുട്ടുപൊള്ളുന്ന നീരാവിയാക്കിമാറ്റുന്ന അത്രയും ചൂടാണ് (427 ഡിഗ്രി സെൽഷ്യസ്) ഈ ഗ്രഹത്തിലുള്ളത്. ശുക്രനോളം ചൂടുണ്ട് ഇത്. എങ്കിലും ഗ്രഹത്തിന്റെ അന്തരീക്ഷത്തിൻ്റെ യഥാർത്ഥ സ്വഭാവം ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാൽ സൗരയൂഥത്തിനപ്പുറമുള്ള ഗ്രഹങ്ങളുടെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണത്തിൽ ഈ കണ്ടെത്തൽ പ്രാധാന്യമർഹിക്കുന്നു.

മറ്റ് നക്ഷത്രങ്ങൾക്ക് ചുറ്റും ഇങ്ങനെയുള്ള ജലസമൃദമായ ഗ്രഹങ്ങളുണ്ടാവാം. അന്തരീക്ഷ നിരീക്ഷണത്തിലൂടെ നമുക്കത് കാണാൻ സാധിക്കുന്നത് ആദ്യമായാണ്. ഗവേഷകനും മോൺട്രിയൽ ട്രോട്ടിയർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഓൺ എക്സോപ്ലാനറ്റിലെ പ്രൊഫസറുമായ ജോൺ ബെനെക് പറഞ്ഞു. ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്‌സിൽ വ്യാഴാഴ്‌ചയാണ് ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്.



