അഡ്വ.ജയശങ്കറിന് എതിരെ കടുത്ത വിമർശനവുമായി പൂഞ്ഞാർ എം.എല്‍.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കല്‍.കഴിഞ്ഞ ദിവസം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എം.എല്‍.എയ്ക്ക് എതിരെ മോശമായ ഭാഷയില്‍ കടുത്ത വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ജയശങ്കറിന് എതിരെ രൂക്ഷമായ വിമർശനവുമായി അഡ്വ.സെബാസ്റ്റിയൻ കുളത്തുങ്കല്‍ എം.എല്‍.എ രംഗത്ത് എത്തിയിരിക്കുന്നത്.

പി.സി ജോർജിന്റെ കയ്യില്‍ നിന്നോ മറ്റാരുടെയെങ്കിലും കയ്യില്‍ നിന്നോ അച്ചാരം വാങ്ങിയിട്ടുണ്ടെങ്കില്‍ അതങ്ങ് കയ്യില്‍ വച്ചാല്‍ മതി എന്ന ആമുഖത്തോടെയാണ് അഡ്വ.ജയശങ്കറിന് എതിരെ അഡ്വ.സെബാസ്റ്റിയൻ കുളത്തുങ്കല്‍ രംഗത്ത് എത്തിയിരിക്കുന്നത്. താൻ കേരള നിയമസഭയില്‍ എത്തിയത് പൂഞ്ഞാറിലെ ജനങ്ങളുടെ അംഗീകാരത്തോട് കൂടിയാണ്. അല്ലാതെ ഓടുപൊളിച്ചല്ലെന്ന് പറയുന്നു അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കല്‍. കഴിഞ്ഞ പത്ത് മുപ്പത് വർഷത്തോളമായി പൊതു രംഗത്ത് നിലനില്‍ക്കുകയാണ്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് മുതല്‍ മത്സര രംഗത്തുണ്ട്. അതുകൊണ്ടു തന്നെ ജനങ്ങള്‍ക്ക് വേണ്ടി എങ്ങിനെ കാര്യങ്ങള്‍ ചെയ്യണമെന്ന് അഡ്വ.ജയശങ്കർ എനിക്ക് ക്ലാസെടുക്കാൻ പോരേണ്ടെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കല്‍ പറയുന്നു.


